പാലക്കാട് വല്ലപ്പുഴയിൽ കണ്ണിന് കമ്പിവേലി കൊണ്ടു പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് പരാതി.. ഉച്ചയ്ക്ക് 12.30 ന് പരിക്കുപറ്റിയ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് ഒരുമണിക്കൂറിനു ശേഷം...

സ്കൂളിൽ വെച്ച് പാമ്പു കടിയേറ്റ് യഥാസമയം ചികിത്സ കിട്ടാതെ കുട്ടി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നല്കിയിട്ടുള്ളതാണ് . ഇപ്പോൾ പാലക്കാട് ജില്ലയിൽ നിന്ന് വീണ്ടും അത്തരത്തിലുള്ള പരാതിയാണ് ഉയർന്നിരിക്കുന്നത്
പാലക്കാട് വല്ലപ്പുഴയിൽ കണ്ണിന് കമ്പിവേലി കൊണ്ടു പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് പരാതി. കുറവട്ടൂര്‍ കെസിഎം യുപി സ്കൂളിലെ എട്ടാം ക്ലാസുകാരനാണ് സ്കൂള്‍ അധികൃതര്‍ യഥാസമയം ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് .. മകന് പരിക്കേറ്റ വിവരം അധ്യാപകർ അറിയിച്ചതു പോലും ഒരു മണിക്കൂറിന് ശേഷമാണെന്ന് അമ്മ ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് പോകവെയാണ് കമ്പിവേലിയിൽ തട്ടി കുട്ടിയുടെ കണ്ണിനു ഗുരുതര പരിക്കേറ്റത്. രക്തം വാര്‍ന്ന നിലയിൽ കുട്ടി അധ്യാപകരെ സമീപിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ ഇവര്‍ തയ്യാറായില്ലെന്നാണ് ആരോപണം. ഒരു മണിക്കൂറിനുശേഷം അധ്യാപകര്‍ രണ്ട് വിദ്യാര്‍ഥികളെ അയച്ചു വിവരം അറിയിച്ചശേഷമാണ് കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂളിൽ എത്തിയത്. ഇതിനുശേഷമാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിക്കുന്നത്.
കുട്ടി പറയുന്നത് ഇങ്ങനെ; പള്ളിയിൽ പോകുന്നതിനിടെ കമ്പിവേലിയിൽ തട്ടി കണ്ണിനു പരിക്കേറ്റു . കണ്ണിൽ നിന്ന് രക്തം വന്നപ്പോൾ വേഗം വെള്ളം ഉപയോഗിച്ച് കഴുകി. ഇതിനുശേഷമാണ് അധ്യാപകരുടെ അടുത്തേക്ക് എത്തിയത്. എന്നാൽ ഇങ്ങോട്ട് വന്നത് എന്തിനാണെന്നും വീട്ടിലേക്ക് പോകത്തില്ലായിരുന്നോ എന്നും അധ്യാപകര്‍ ചോദിച്ചു. അമ്മയെ പേടിച്ചിട്ടാണെന്ന് പറഞ്ഞപ്പോള്‍ അധ്യാപകര്‍ മിണ്ടിയില്ല.
പിന്നീട് കുറേ നേരം അവിടെ നിന്നു എങ്കിലും അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ല .വീണ്ടും രക്തം വരുന്നത് കണ്ടപ്പോള്‍ മറ്റ് രണ്ടു വിദ്യാര്‍ഥികളെ വിട്ടു വീട്ടിൽ വിവരം അറിയിച്ചു. ഇതിനുശേഷം അമ്മ എത്തുകയും കരയുകയും ചെയ്തു. ഇവിടെ നിന്ന് കരയേണ്ടന്നും പുറത്തേക്ക് പോകാനും അധ്യാപകര്‍ പറഞ്ഞു.
ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധ്യാപകര്‍ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും കുട്ടി പറഞ്ഞു. ഉച്ചയ്ക്ക് 12.30 ന് പരിക്കുപറ്റിയിട്ട് 1.45 നാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അധ്യാപകര്‍ പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ലെന്നും അമ്മ പറയുന്നു
https://www.facebook.com/Malayalivartha


























