സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കൻ ആൻഡമാൻ കടലിന് മുകളിലുള്ള ചക്രവാതച്ചുഴി മ്യാന്മാർ- ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായി വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേയ്ക്ക് എത്താനായി സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ മഴ ലഭിക്കുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം വടക്കൻ മ്യാന്മാർ തീരം, ബംഗ്ലാദേശ് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha


























