നിലവിളിച്ച് പാര്‍ട്ടികള്‍... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച സിപിഎമ്മിനും സര്‍ക്കാരിനും തക്ക സമയത്ത് മറുപടി; തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല; പൗരത്വ ഭേദഗതി വിഷയത്തില്‍ ഒന്നിച്ചു നിന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രണ്ടും രണ്ട് വഴിക്ക്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം കൊതിച്ച് മുന്നേറിയ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ പൗരത്വ ഭേദഗതി നിയമത്തില്‍ ഒന്നിച്ച് പോരാടിയ ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ഈയൊരു വിഷയത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും ആരിഫ് മുഹമ്മദ് ഖാനായി. സിപിഎമ്മിന് ഭൂരിപക്ഷം കിട്ടുന്ന തരത്തിലാണ് തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. ആ അഭിപ്രായം മുഖവിയ്‌ക്കെടുത്താണ് ഗവര്‍ണര്‍ ഒപ്പിടാത്തത്. അതിനാല്‍ ഗവര്‍ണറുടെ നടപടിയെ ചെന്നിത്തലയ്ക്ക് ന്യായീകരിക്കേണ്ടി വരും. ഒപ്പം പിണറായിയെ എതിര്‍ക്കേണ്ടിയും വരും.
ഈ വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും വീണ്ടും നേര്‍ക്കുനേര്‍ എത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേതിനു നേര്‍വിപരീത നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും സര്‍ക്കാരുമായി നേര്‍ക്കുനേരാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. ഒപ്പിടുകയോ ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കുകയോ ചെയ്യാത്തതു വാര്‍ഡ് വിഭജനം അനിശ്ചിതത്വത്തിലാക്കി.
ഓര്‍ഡിനന്‍സ് ഇറക്കിയതിലുള്ള വിയോജിപ്പ് ഗവര്‍ണര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനെ നേരിട്ടറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ ഓര്‍ഡിനന്‍സ് ഇറക്കുകയല്ല ചെയ്യേണ്ടതെന്നും നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയാണു വേണ്ടതെന്നുമാണ് ഗവര്‍ണറുടെ പക്ഷം. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടില്‍ അമര്‍ഷമുണ്ടെന്ന വിവരവും ഗവര്‍ണര്‍ മന്ത്രിയെ അറിയിച്ചു.
ഓര്‍ഡിനന്‍സില്‍ രണ്ടാം തവണയാണ് ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതം അറിയിക്കുന്നത്. ഈ മാസം അവസാനം നിയമസഭ ചേരാനിരിക്കെ, ഓര്‍ഡിനന്‍സ് തിരിച്ചുകിട്ടാത്തതു സര്‍ക്കാരിനെ ആശങ്കയിലാക്കി. വാര്‍ഡ് വിഭജന തീരുമാനത്തില്‍ മാറ്റമില്ലെന്നു മന്ത്രി മൊയ്തീന്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി ചോദ്യംചെയ്യാനില്ല. തുടര്‍നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഓരോ വാര്‍ഡ് അധികമായി സൃഷ്ടിക്കാനാണു സര്‍ക്കാര്‍ നീക്കം. 2011ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വാര്‍ഡ് വിഭജനം നടപ്പാക്കുന്നത്. ഇതു പുതിയ സെന്‍സസിന്റെ നടപടികളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നു സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും ഗവര്‍ണര്‍ക്കു തൃപ്തിയായിട്ടില്ല. ഗവര്‍ണറുടെ അംഗീകാരത്തിനു ശേഷമേ വാര്‍ഡ് വിഭജന ജോലികള്‍ ആരംഭിക്കാന്‍ സാധിക്കൂ.
അതേസമയം വാര്‍ഡുകള്‍ പുനര്‍വിഭജനത്തിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങിയിരിക്കുകയാണ്. മുഖ്യമന്തി ഇന്ന് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. നിയമ വിദഗ്ധരുമായി ആലോചിക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വീണ്ടും ഗവര്‍ണറെ സമീപിക്കാനും ആലോചനയുണ്ട്.
ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ഗവര്‍ണര്‍ ശക്തമായ നിലപാടെടുത്തതോടെയാണ് സര്‍ക്കാരിന്റെ തീരുമാനം പ്രതിസന്ധിയിലായത്. 2011 സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുതുക്കി വിഭജിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ചുരുങ്ങിയത് ഒരു വാര്‍ഡെങ്കിലും ഓരോ തദ്ദേശസ്ഥാപനങ്ങളിലും കൂടുന്ന രീതിയിലായിരുന്നു ഓര്‍ഡിനന്‍സ്. രണ്ടാഴ്ച മുന്‍പ് ആണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ വിഭജിച്ചാല്‍ ഇനി നടക്കാന്‍ പോകുന്ന പുതിയ സെന്‍സസില്‍ കെട്ടിടങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെ മാറുമെന്നതായിരുന്നു പ്രധാന പരാതി. ഒന്നിച്ചു നിന്ന ചെന്നിത്തലയും പിണറായി വിജയനും വീണ്ടും ഈ വിഷയത്തോടെ രണ്ടും രണ്ട് വഴിക്കാവും.
https://www.facebook.com/Malayalivartha


























