നാടകീയ സംഭവങ്ങള്‍; ദരിദ്ര സമൂഹമായ ഈഴവരെ പിഴിഞ്ഞു പണമുണ്ടാക്കുന്നു; കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടന്നിട്ടുള്ളത് ഈഴവ, തിയ്യ വിഭാഗങ്ങളിൽ; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പണം തട്ടിപ്പ് ആരോപണവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പണം തട്ടിപ്പ് ആരോപണവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ രംഗത്ത്. വെള്ളാപ്പള്ളി നടേശൻ കോടിക്കണക്കിന് രൂപ തട്ടിയെന്ന് ടി.പി. സെൻകുമാർ ആഞ്ഞടിച്ചു. കോളജ്, സ്കൂൾ അഡ്മിഷനും നിയമനത്തിനും വാങ്ങിയ 1,600 കോടി രൂപ കാണാനില്ല. മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സെൻകുമാർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
സംഭവവുമായ ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ്, ആദായനികുതി, ഇന്റലിജൻസ് അന്വേഷണം വേണം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചെന്നും ആയിരത്തോളം ശാഖകൾ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.
ദരിദ്ര സമൂഹമായ ഈഴവരെ പിഴിഞ്ഞു പണമുണ്ടാക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടന്നിട്ടുള്ളത് ഈഴവ, തിയ്യ വിഭാഗങ്ങളിലാണ്. അതിനു കാരണം ഈ വിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യമാണ്. ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്‌എന്‍ഡിപി യൂണിയന് ആയിട്ടില്ല. മൈക്രോഫിനാന്‍സ് നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന്് സെന്‍കുമാര്‍ പറഞ്ഞു. മൈക്രോഫിനാന്‍സ് വായ്പയ്ക്ക് അധികമായി വാങ്ങിയ പലിശ എവിടെപ്പോയെന്ന് സെന്‍കുമാര്‍ ചോദിച്ചു.
വ്യാജ വോട്ടിലൂടെയാണ് വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. എസ്‌എന്‍ഡിപി യൂണിയന്റെ ആയിരത്തോളം ശാഖകളെങ്കിലും വ്യാജമാണ്. കാല്‍നൂറ്റാണ്ടായി ഒരു കുടംബം മാത്രമാണ് ഭരിക്കുന്നത്. എതിര്‍പ്പു പ്രകടിപ്പിക്കുന്ന യൂണിയനുകളെ പിരിച്ചുവിടുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഇത്തവണ വെള്ളാപ്പള്ളിയും കുടുംബവും മാറിനില്‍ക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പട്ടു. സുതാര്യമായ തെരഞ്ഞടുപ്പിലൂടെ വെള്ളാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടാല്‍ അംഗീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
അതേസമയം വാര്‍ത്താ സമ്മേളനത്തില്‍ ബഹളവും വാക്കുതര്‍ക്കവും ഉണ്ടായി. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് താങ്കള്‍ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവര്‍ത്തകനാണോ എന്നെല്ലാം സെന്‍കുമാര്‍ തിരിച്ചുചോദിച്ചു. ഇതിനിടെ ഏതാനും പേര്‍ മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ ബഹളം മൂത്തു. തുടര്‍ന്ന് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ട് ബഹളം ശാന്തമാക്കുകയായിരുന്നു. സുഭാഷ് വാസുവിന് ഒപ്പമാണ് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
https://www.facebook.com/Malayalivartha


























