പിഞ്ചുകുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം അമ്മ ശുചിമുറിയില്‍ പോയി വന്നപ്പോഴേക്കും കുഞ്ഞിനെ കാണാതായി; 20 മീറ്റര്‍ അകലെ കണ്ടെത്തി!

ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള കൊട്ടേപറമ്പില്‍ ജയിംസ്-സജിത ദമ്പതികളുടെ രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 20 മിനിറ്റുകള്‍ക്ക് ശേഷം സമീപമുള്ള പറമ്പില്‍ നിന്നും കണ്ടെത്തി. അമ്മയും പരിസരവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.30-നാണ് സംഭവം.
ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നു പോയ ശേഷം, അമ്മ സജിത കുട്ടിയെ ഉറക്കി മുറി അടച്ചു ശുചിമുറിയില്‍ പോയി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കാണാതാവുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവന്‍ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത ബഹളം വച്ചു പരിസരവാസികളെ വിവരം അറിയിച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടില്‍ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വര്‍ക്ക്ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്.
കുട്ടി കരയുന്നത് കേട്ടതിനാലാണ് പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. സംഭവം അറിഞ്ഞെത്തിയ പോലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതു വഴി പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























