കേരളത്തില്‍ ഒരു കൊറോണ കേസ് സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ...തൃശൂരില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍

കേരളത്തില്‍ ഒരു കൊറോണ കേസ് സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നമ്പറില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടാമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്തായാലും കൊറോണ സ്ഥിരീകരിച്ചതായുള്ള വിവരം കിട്ടിയതോടെ തൃശ്ശൂരില്‍ കണ്ടത് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങള്‍. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പേവാര്‍ഡ് ബ്ലോക്ക് ഐസൊലേഷന്‍ വാര്‍ഡായൊരുക്കി.
ഇവിടെ 17 മുറികളാണ് തയ്യാറാക്കിയത്. 24 പേരെ ഒരേസമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം ശൗചാലയങ്ങളും തയ്യാര്‍.
ജനറല്‍ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ മറ്റൊരു വിദ്യാര്‍ഥി നിരീക്ഷണത്തിലുണ്ട്. അഞ്ചുദിവസമായി ഇവിടെ അഞ്ചുവിദ്യാര്‍ഥികളാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ചൈനയില്‍നിന്ന് ഒരുമിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയവരാണിവര്‍.
വ്യാഴാഴ്ച രാത്രിയോടെയാണ് വൈറസ് ബാധിച്ച വിദ്യാര്‍ഥിനിയെ തൃശ്ശൂര്‍ ജില്ലാ ജനറല്‍ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലെ െഎസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. അഞ്ചുമണിക്കൂറിനുള്ളില്‍ െഎസൊലേഷന്‍ വാര്‍ഡൊരുക്കി വിദ്യാര്‍ഥിനിയെ ഇവിടേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയാക്കി.
ഇവരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥിനി പനി ലക്ഷണങ്ങളോടെയാണെത്തിയത്. അതോടെ െഎസൊലേഷന്‍ വാര്‍ഡിലാക്കി. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെയും കൊറോണ സാധ്യത മുന്‍നിര്‍ത്തി ആശുപത്രിയിലെത്തിച്ച് െഎസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. ഇവരില്‍ മൂന്നുപേരുടെ രക്തപരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ വിട്ടയച്ചു. ഒരാളുെട ഫലം എത്താത്തതിനാല്‍ െഎസോലേഷന്‍ വാര്‍ഡില്‍ തുടരുന്നു. ആണ്‍കുട്ടിയാണ് ജനറല്‍ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.
തൃശൂര്‍ ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
*ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും മുഖാവരണം (മാസ്‌ക്) നിര്‍ബന്ധമാക്കി.
* മാസ്‌ക് അണിയുന്നതടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സംബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ നിശ്ചിത ഇടവേളകളില്‍ ഉച്ചഭാഷിണിയിലൂടെ നിര്‍ദേശം നല്‍കുന്നുണ്ട്
കൊറോണ രോഗം കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനും ചികിത്സക്കും സ്വകാര്യ ആശുപത്രികളും സഹകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും കൊറോണചികിത്സയില്‍ പരിശീലനംനല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് സ്വകാര്യ മാനേജുമെന്റുകള്‍ക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂര്‍ കലക്ടറേറ്റില്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ഐഎംഎ, കെജിഎംഒഎ പ്രതിനിധികള്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് നിര്‍ബ്ബന്ധമായും അറിയിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ചികിത്സാപ്രോട്ടോകോള്‍ സ്വകാര്യ ആശുപത്രികളും പാലിക്കണം. രോഗം സംശയിക്കുന്നവര്‍ പുറത്തിറങ്ങി നടക്കരുത്. പൊതുസമ്പര്‍ക്കം ഒഴിവാക്കണം. അവരുടെ വീടുകളില്‍ ആഘോഷമോ സദ്യയോ നടത്തരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ജോലിക്കു പോകാതെ അവധിയെടുക്കണം. എന്തു സഹായത്തിനും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാല്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ എത്തും.
സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കും -മന്ത്രി ശൈലജ
വൈറസ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി നിരന്തരം നിരീക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. രോഗിയുമായി അടുത്തിടപഴകിയവര്‍ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ചൈനയില്‍നിന്ന് മടങ്ങിയെത്തിയവര്‍ ഏതെങ്കിലും ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ചിലര്‍ ഇനിയും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് കരുതുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തും.
സ്വകാര്യ ആശുപത്രികളോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരുരോഗിയെയും തിരിച്ചയക്കാന്‍ പാടില്ല. രോഗിയെ നടപടിക്രമങ്ങള്‍ പാലിച്ച് പരിശോധിക്കുകയും സാമ്പിളെടുത്ത് വൈറോളജി ലാബില്‍ അയക്കുകയും വേണം. വിദഗ്ധരുടെ ഉപദേശത്തോടെ ചികിത്സ തുടങ്ങണം. നിലവില്‍ കൊറോണ വൈറസിന് ചികിത്സ ലഭ്യമല്ല. അതിനാല്‍ത്തന്നെ ആയുര്‍വേദ, ഹോമിയോമരുന്നുകള്‍ ഫലപ്രദമെന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























