ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സര്‍ക്കാര്‍ തള്ളി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടിസ്, സര്‍ക്കാര്‍ എതിര്‍ത്തതോടെ സഭയുടെ കാര്യോപദേശക സമിതി (ബിഎസി) യോഗം തള്ളി. ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മില്‍ കടുത്ത വാദപ്രതിവാദം നടന്ന യോഗത്തിനകത്തും പുറത്തും പ്രമേയം നിയമപരമെന്നു തന്നെ വ്യക്തമാക്കിയ സ്പീക്കറെ മന്ത്രി എ.കെ.ബാലന്‍ തിരുത്തി.സര്‍ക്കാര്‍ തീരുമാനത്തോടു വിയോജിച്ച പ്രതിപക്ഷം ബിഎസി റിപ്പോര്‍ട്ട് തിങ്കളാഴ്ച സഭയില്‍ വയ്ക്കുമ്‌ബോള്‍ അതു തിരിച്ചയയ്ക്കണമെന്ന പ്രമേയം കൊണ്ടുവരും.
ചെന്നിത്തലയുടെ നോട്ടിസ് 'ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപം' എന്ന ശീര്‍ഷകത്തില്‍ എംഎല്‍എമാര്‍ക്കു വിതരണം ചെയ്തിരുന്നു. അതിനാല്‍ സര്‍ക്കാര്‍ മെരുങ്ങുകയാണെന്ന പ്രതീക്ഷയോടെയാണു പ്രതിപക്ഷം ബിഎസി യോഗത്തിനെത്തിയത്. സ്പീക്കറുടെ അധ്യക്ഷതയിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ചേര്‍ന്ന യോഗത്തില്‍, പക്ഷേ പാര്‍ലമെന്ററി-നിയമ മന്ത്രി എ.കെ.ബാലന്‍ പ്രമേയത്തിനെതിരെ രൂക്ഷമായി രംഗത്തു വന്നു.
സ്പീക്കറുടെ അധികാരത്തെ മന്ത്രി ചോദ്യം ചെയ്യുകയാണോയെന്നു രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് ഉപനേതാവ് കെ.സി.ജോസഫും ചോദിച്ചു. ഈ തര്‍ക്കത്തില്‍ സ്പീക്കര്‍ ഇടപെട്ടില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ് സഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്നതാണ് പ്രതിപക്ഷനേതാവിന്റെ പ്രമേയനോട്ടീസ്. തിങ്കളാഴ്ച പുനരാരംഭിക്കുന്ന സഭാസമ്മേളനത്തിന്റെ തുടര്‍ന്നങ്ങോട്ടുള്ള കാര്യപരിപാടികള്‍ ക്രമീകരിക്കാനാണ് കാര്യോപദേശകസമിതി ചേര്‍ന്നത്. യോഗത്തില്‍ സമിതി അദ്ധ്യക്ഷന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷനേതാവിന്റെ നോട്ടീസിനെക്കുറിച്ച് അറിയിച്ചു. നിയമസഭയ്ക്ക് തിരക്കിട്ട ഷെഡ്യൂളാണെന്നും ഇത്തരമൊരു പ്രമേയത്തിനായി സമയം ചെലവിടാനില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.സ്പീക്കര്‍ അനുവദനീയമാണെന്നറിയിച്ച പ്രമേയത്തെ സര്‍ക്കാര്‍ എന്തിനെതിര്‍ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. അധികസമയം വിനിയോഗിക്കാന്‍ തങ്ങളൊരുക്കമാണ്. വേണമെങ്കില്‍ 13നും സമ്മേളനം ചേരാമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് നിയമസഭ 1995ല്‍ ഗവര്‍ണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ കീഴ്വഴക്കമുണ്ടെന്ന് കെ.സി. ജോസഫും പറഞ്ഞു. ഇങ്ങനെയൊരു കീഴ്വഴക്കം കേരളനിയമസഭയിലില്ലെന്നും ഇല്ലാത്ത കീഴ്വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് ആഗ്രഹമില്ലെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























