ശ്രീറാം വെങ്കിട്ടരാമന് ഒന്നാം പ്രതി; വഫാ ഫിറോസ് രണ്ടാം പ്രതി; മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ മരിക്കാനിടയായ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഒന്നാം പ്രതിയെന്ന് കുറ്റപത്രം; മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നും പോലീസ് കുറ്റപത്രം

മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ മരിക്കാനിടയായ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഒന്നാം പ്രതി. വെങ്കിട്ടരാമനെ ഒന്നാം പ്രതിയായി പോലീസ് കുറ്റപത്രം തയാറാക്കി. വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫാ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാം മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നും പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനു സമീപം പബ്ലിക് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിന്റെ ബൈക്കിനു പിറകില്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ അമിതവേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറിന്റെ ഉടമയായ വഫ ഫിറോസും ശ്രീറാമിനൊപ്പമുണ്ടായിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നെന്നായിരുന്നു സംഭവത്തിന് ദൃക്സാക്ഷികളുടെ മൊഴി. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു മരിച്ച കേസിൽ സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ വിവാദമായതോടെ സസ്പെൻഷൻ മൂന്നു മാസത്തേക്കുകൂടി നീട്ടി മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി ശ്രീറാമിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയിരുന്നു. ഇതു ചർച്ചയായതോടെയാണു പുതിയ ഉത്തരവ്. സസ്പെൻഷൻ പിൻവലിക്കാൻ അവസരമൊരുക്കുന്നതിനായി, ശ്രീറാമിനെതിരായ കുറ്റപത്രം യഥാസമയം കോടതിയിൽ സമർപ്പിക്കുന്നതു പൊലീസ് ഉന്നതർ തടഞ്ഞുവെന്നും ആരോപണമുയർന്നു.
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ബഷീർ കൊല്ലപ്പെടാൻ കാരണക്കാരൻ ശ്രീറാം വെങ്കിട്ടരാമൻ അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണെന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു സംശയവുമില്ല. ഈ കേസിൽ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ബഷീറിന്റെ ഭാര്യക്ക് ജോലി നൽകുക വഴി സർക്കാർ ആ കുടുബത്തിന് നൽകിയ പിന്തുണ ഏവർക്കും അറിയാവുന്നതാണ്. ഈ കേസിൽ കുറ്റവാളിയായ ശ്രീറാം വെങ്കിട്ടരാമന് അർഹമായ ശിക്ഷ ലഭിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാവുമെന്ന് തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് യൂണിയൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. കത്ത് മുഖ്യമന്ത്രി വളരെ ഗൗരവമായെടുത്തു. തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ ഫയൽ മുഖ്യമന്ത്രി വരുത്തി പരിശോധിച്ചത്. സാധാരണ ഇത്തരം ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനത്തിന് വിധേയമായാണ് സ്വീകരിക്കുന്നത്. എന്നാൽ ശ്രീറാമിന്റെ ഫയൽ മുഖ്യമന്ത്രിക്ക് നേരിട്ടാണ് ലഭിച്ചത്. അനുകൂല തീരുമാനത്തിന് വേണ്ടിയാണ് ഫയൽ അങ്ങനെ അയച്ചത്.
https://www.facebook.com/Malayalivartha


























