എസ് ഡി പി ഐക്ക് എതിരായ നീക്കം ഭൂരിപക്ഷത്തെ പാട്ടിലാക്കാനുള്ള തന്ത്രം; ഭൂരിപക്ഷത്തിൽ ഒരു വലിയ വിഭാഗം തങ്ങളെ കൈവിട്ടെന്ന് മനസിലാക്കിയപ്പോൾ മുഖ്യമന്ത്രിയും സി പി എമ്മും എസ് ഡി പി ഐക്കെതിരെ തിരിഞ്ഞു

ഭൂരിപക്ഷത്തിൽ ഒരു വലിയ വിഭാഗം തങ്ങളെ കൈവിട്ടെന്ന് മനസിലാക്കിയപ്പോൾ മുഖ്യമന്ത്രിയും സി പി എമ്മും എസ് ഡി പി ഐക്കെതിരെ തിരിഞ്ഞു. ആക്രമമുണ്ടാക്കിയാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന വ്യക്തമായ സൂചന മതതവ്രവാദികൾക്ക് മുഖ്യമന്ത്രി നൽകിയത് മുന്നറിയിപ്പാണ്.
മഹൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ് ഡി പി ഐക്കാർ നുഴഞ്ഞുകയറുന്നുണ്ടെന്ന കാര്യം എത്രയോ നാളുകൾക്ക് മുമ്പ് തന്നെ കേന്ദ്ര - സംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങൾ സൂചന നൽകിയിരുന്നതാണ്. എന്നാൽ സംസ്ഥാന സർക്കാർ അത് ഗൗരമായി എടുത്തില്ല. അവർ രാജ്ഭവനിലേക്ക് ദേശീയ പതാകയുമേന്തി സമരം നടത്തിയിട്ടും സർക്കാർ ചുമ്മാതിരുന്നു. എസ് ഡി പി ഐയുടെ സമരം തങ്ങൾക്ക് അനുകൂലമായി മാറുമെന്നാണ് സിപിഎം പ്രതീക്ഷിച്ചത്. എന്നാൽ വളരെ പെട്ടെന്ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തീവ്രവാദികളുടെ യഥാർത്ഥ ലക്ഷ്യമായ മതസ്പർദ്ധ വളർത്താൻ അവർക്ക് കഴിഞ്ഞു. അതോടെയാണ് പോലീസ് കേസെടുക്കാൻ തുടങ്ങിയത്. സമാധാനപരമായി സമരം ചെയ്ത ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. എന്നാൽ സമാധാനം ഇല്ലാതാക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല.
പ്രക്ഷോഭത്തിന്റെ പേരിൽ പോസ്റ്റ് ഓഫീസ് അടിച്ചു തകർത്താൽ നോക്കിയിക്കണോ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചത്.
സിപിഎമ്മും ഇടതു പാർട്ടികളും പൗരത്വപ്രശ്നത്തിന് ശേഷം വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് സമരങ്ങൾ നയിച്ചിരുന്നു. ഇതിൽ പ്രധാനം വിവിധ ന്യൂനപക്ഷ സംഘടനകളുമായി ചേർന്നു നടത്തിയ സമരങ്ങളായിരുന്നു. മുസ്ലീം ലീഗിനും യു ഡി എഫിനുമൊപ്പം സമരം ചെയ്താൽ സി പി എമ്മിന് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. എന്നാൽ മത തീവ്രവാദ സംഘടനകളുമായി ചേർന്ന് സമരം ചെയ്താൽ അത് സർക്കാരിന്റെയും സി പി എമ്മിന്റെയും കൈയിൽ നിൽക്കില്ല.
അങ്കമാലിയിൽ മഹൽ കമ്മിറ്റി നടത്തിയ പൗരത്വവിരുദ്ധ സമരത്തിൽ 200 പേർക്കെതിരെ കേസെടുത്തത്തത് സംബന്ധിച്ച് റോജി എം ജോൺ നിയമസഭയിൽ നടത്തിയ പ്രസ്താവനക്ക് മറുപടിയായിട്ടാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളം കണ്ടപ്പോൾ, എസ് ഡി പി ഐയെ പറഞ്ഞപ്പോൾ എന്തിനാണ് ഭയമെന്ന് വരെ മുഖ്യമന്ത്രി ചോദിച്ചു. അപ്പോൾ ഭരണപക്ഷത്തിന്റെ അങ്കലാപ്പ് മനസിലാകുമെന്ന് പ്രതിപക്ഷം തുറന്നടിച്ചു.എസ് ഡി പി ഐയുമായി ചേർന്ന് ഭരിക്കുന്നതും വോട്ടുവാങ്ങുന്നതും ഭരണപക്ഷമാണെന്ന് ചെന്നിത്തല തിരിച്ചടിച്ചു.
ന്യൂനപക്ഷങ്ങളുടെ അധികാരമേൽക്കോയ്മയുടെ ഫലമായിട്ടാണ് കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നതെന്ന് ഭൂരിപക്ഷം വിശ്വസിക്കുന്നു. ഭൂരിപക്ഷത്തിന്റെ വോട്ടുകളാണ് തങ്ങൾക്ക് തുണയായതെന്ന് ഇടതുപക്ഷം പോലും സമ്മതിച്ചിട്ടുണ്ട്. എന്നാൽ ശബരിമല വിഷയത്തോടെ കാര്യങ്ങൾ കീഴമേൽ മറിഞ്ഞു. സി പി എം ഭൂരിപക്ഷത്തെ പിണക്കി. അതിന്റെ ഫലമാണ് യു ഡി എഫിനു പാർലെമെന്റിലുണ്ടായ ചരിത്ര വിജയമെന്ന് അവർ പറയുന്നു. പാർലെമെന്റിൽ ജയിച്ചതോടെ യു ഡി എഫ് ന്യൂനപക്ഷങ്ങൾക്ക് പിന്നാലെ പോയി. അതിന്റെ ഫലം തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞടുപ്പിൽ യുഡിഎഫ് മനസിലാക്കുമെന്നാണ് ഭൂരിപക്ഷം പറയുന്നത്.
കേരളത്തിൽ മടങ്ങിയെത്തിയ കോടിയേരിയാണ് ഭൂരിപക്ഷത്തിന്റെ വികാരങ്ങൾക്ക് മുറിവേൽപ്പിക്കരുതെന്ന വ്യക്തമായ സന്ദേശം മുഖ്യമന്ത്രിക്ക് നൽകിയത്. ശബരിമല വിഷയത്തിലും ഭൂരിപക്ഷങ്ങൾക്ക് അനുകൂലമായി നിലപാട് എടുത്തത് കോടിയേരിയാണ്. ഭൂരിപക്ഷത്തെ പിണക്കിയാൽ അത് ബി ജെ പിക്ക് അനുകൂലമായി തീരും എന്ന സൂചനയാണ് കോടിയേരി നൽകിയിട്ടുള്ളത്. ഭൂരിപക്ഷത്തെ സി പി എം വെറുപ്പിക്കാൻ കാത്തിരിക്കുകയാണ് ബിജെപി. തങ്ങളുടെ വോട്ടുബാങ്ക് തങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha


























