കൊറോണ വൈറസ്; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന

ചൈനയിലെ വുഹാനില്‍ നോവല്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത് ലോകം ആശങ്കയോടെയാണ് കണ്ടത്. ചൈനയില്‍ കാണപ്പെട്ട നോവല്‍ കൊറോണ വൈറസ് 20 ലധികം രാജ്യങ്ങളിലാണ് അതിവേഗം പടര്‍ന്ന് പിടിച്ചത്. ആയിരക്കണക്കിന് പേരെയാണ് നോവല്‍ കൊറോണ വൈറസ് ബാധിച്ചത്. നിരവധി ജീവനുകളും നഷ്ടപ്പെട്ടു. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ എടുത്തു തുടങ്ങി. തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങളും രോഗ പ്രതിരോധത്തിനുള്ള രൂപരേഖകളും തയ്യാറാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി വിഭാഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ചൈനയില്‍ നിന്നുള്ള വാര്‍ത്ത വന്നു തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനതല ദ്രുതകര്‍മ്മസേന യോഗം ചേര്‍ന്ന് രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സ മാര്‍ഗരേഖ, പരിശീലനത്തിനുള്ള മാര്‍ഗ രേഖകള്‍, അവബോധ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖകള്‍ എന്നിവ തയ്യാറാക്കി ജില്ലകള്‍ക്ക് നല്‍കി.
ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കി. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കി. നിരവധി മലയാളികളാണ് ചൈനയില്‍ പഠത്തിനും ജോലിക്കും മറ്റുമായുള്ളത്. അതിനാല്‍ തന്നെ നോവല്‍ കൊറോണ വൈറസ് ഉള്ള ആരെങ്കിലും ചൈനയില്‍ നിന്നു വന്നാല്‍ അത് ഇവിടെ വ്യാപിക്കാന്‍ സാധ്യത കണക്കിലെടുത്തായിരുന്നു ഈ മുന്നൊരുക്കങ്ങള്‍. വരുന്ന ആളിന്റേയും അവരുടെ ബന്ധുക്കളുടേയും പൊതുജനങ്ങളുടേയും ജീവന്‍ രക്ഷിക്കാനുള്ള മുന്നൊരുക്കമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എടുത്തത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി വലിയ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
നിപ വൈറസിനെ അതിജീവിച്ച അനുഭവ പാഠവുമായാണ് നോവല്‍ കൊറോണ വൈറസിനെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമായത്. ജനുവരി 18 മുതല്‍ വിവിധ തലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. നോവല്‍ കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനാണ് ആലോചിച്ചത്. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്‍കി. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ പ്രത്യേകമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.
ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ നോവല്‍ കൊറോണ വൈറസ് ബാധയുണ്ടായത് കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ ആദ്യ കേസോടെ തന്നെ രോഗം തിരിച്ചറിയാന്‍ പറ്റി. ഇതിലൂടെ രോഗ പകര്‍ച്ച തടയുന്നതിനും ആരംഭത്തില്‍ തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
ഫെബ്രുവരി രണ്ടിനാണ് കേരളത്തിലെ രണ്ടാമത്തെ നോവല്‍ കൊറോണ വൈറസ് ബാധിച്ചതായുള്ള സ്ഥിരീകരണം പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വന്നത്. നോവല്‍ കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന വിദ്യാര്‍ത്ഥി ചൈനയില്‍ നിന്നും വന്നശേഷം ജനുവരി 24മുതല്‍ ആലപ്പുഴയില്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
നോവല്‍ കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കി. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പേതന്നെ സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദിവസവും യോഗം കൂടിയാണ് ഓരോ ദിവസത്തേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പ്രധാന യോഗങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും പങ്കെടുക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്.
ടിവി, റേഡിയോ, പത്രങ്ങള്‍, സോഷ്യല്‍ മീഡിയ, സിനിമാ തീയറ്റര്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലൂടെ പരസ്യം, ലഘു വീഡിയോകള്‍ എന്നിവ വഴി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും കൊറോണ വൈറസ് ഒ.പി.യും ഐസൊലേഷന്‍ വാര്‍ഡുകളും തയ്യാറാക്കി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.നെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ പൂനയിലെ ദേശീയ വൈറോളജി ലാബിലേക്ക് അയച്ചു.
എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്ക്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണെന്നും നിര്‍ദേശം നല്‍കി.
ജനുവരി 27ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും അനുബന്ധ ആശുപത്രികളും കേന്ദ്ര സംഘം സന്ദര്‍ശിച്ച് സംതൃപ്തി അറിയിക്കുകയുണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വയലന്‍സ് സംവിധാനം ആരംഭിക്കുകയും 4 മെഡിക്കല്‍ ഓഫീസര്‍മാരേയും 6 പാരമെഡിക്കല്‍ ജീവനക്കാരേയും ഇതിനായി നിയോഗിക്കുകയുണ്ടായി.
നോവല്‍ കൊറോണ വൈറസ് സ്ഥിരികരിച്ചപ്പോള്‍ തന്നെ ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. പ്രസ് മീറ്റ് വിളിച്ചു ചേര്‍ത്ത് തൃശൂര്‍ ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി അറിയിച്ചു. തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറും പങ്കെടുത്തു. നോവല്‍ കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കൊറോണ രോഗം ബാധിച്ച വിദ്യാര്‍ത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെങ്കിലും ആ വിദ്യാര്‍ത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടിട്ടുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചു. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കാനും തീരുമാനിച്ചു.
നോവല്‍ കൊറോണ സ്ഥിരീകരിച്ച അന്ന് രാത്രി തന്നെ (ജനുവരി 30 അര്‍ദ്ധരാത്രി) തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, കൃഷി എന്നീ വകുപ്പ് മന്ത്രിമാരും ശ്രീ. അനില്‍ അക്കര എം.എല്‍.എ.യും പങ്കെടുത്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോഗ്യം, വിദ്യാഭ്യാസം, പോലീസ്, തദ്ദേശ സ്വയംഭരണം തുടങ്ങി എല്ലാ വകുപ്പുകളുടേയും വിവിധ യോഗങ്ങള്‍ തൃശൂരില്‍ വിളിച്ചു ചേര്‍ത്തു. ഇതുകൂടാതെ സ്വകാര്യ ആശുപത്രികളുടെ യോഗവും വിളിച്ചു കൂട്ടി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
രണ്ടാമത്തെ കേസ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയിലും പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
നോവല്‍ കൊറോണ വൈറസിനെ തുരത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വ്യാപകമായി നടത്തുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വരുന്നു. നോവല്‍ കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാന്‍ എല്ലാവരും വളരെയേറെ മുന്‍കരുതലുകള്‍ എടുക്കണം. നിപയേയും പ്രളയത്തേയും ഓഖിയേയും നമ്മള്‍ അതിജീവിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. അതേ ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നോവല്‍ കൊറോണ വൈറസ് പ്രതിരോധത്തിലും നടത്തുന്നത്.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 104 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഇതുവരെ വന്നതില്‍ 36 സാമ്പിളുകളുടെ ഫലം നെഗറ്റീവും 2 എണ്ണം പോസിറ്റീവുമാണ്.
രോഗലക്ഷണങ്ങളോ എന്തെങ്കിലും സംശയങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെടാനായി ദിശ 1056 (ടോള്‍ഫ്രീ), 0471 255 2056 എന്ന നമ്പരുകളും അതത് ആശുപത്രികളിലെ നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരുകളും നല്‍കി.
ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും ഇനി നടത്തേണ്ടതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്തെ മുഴുവന്‍ ജന പ്രതിനിധികളുടേയും ജനവിഭാഗങ്ങളുടേയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha


























