മാപ്പില്ല പൊന്നുമോളേ... വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന പൊന്നുമോളെ കാണാനില്ല; വീട്ടില്‍ തുടങ്ങിയ അന്വേഷണം കാട്ടുതീ പോലെ പടര്‍ന്ന് മലയാളികള്‍ മൊത്തം ഏറ്റെടുത്തു; ഒമാനില്‍ ഇരുന്ന അച്ഛന്റെ ചെവിയിലും ആ വാര്‍ത്തയെത്തി; മസ്‌കറ്റില്‍ നിന്ന് ഇന്ന് നാട്ടില്‍ എത്താനിരുന്ന അച്ഛനെ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാര്‍ത്ത; നടുങ്ങി നാടും നാട്ടുകാരും

കൊല്ലം ഇളവൂരില്‍ കാണാതായ 6 വയസുകാരിയെ പറ്റിയുള്ള അന്വേഷണം വെറുതേയായി. വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി അമ്മ രംഗത്തെത്തിയതോടെ ആ അമ്മയുടെ വേദന മലയാളികളാകെ ഏറ്റെടുത്തു. ഒരു രാത്രി നീണ്ട അന്വേഷണത്തിനൊടുവില്‍ അത്യന്തം വേദനയുള്ള വാര്‍ത്തയാണ് വരുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
മുങ്ങല്‍ വിദഗദ്ധര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കാണാന്‍ കഴിഞ്ഞത്. ഫോറെന്‍സിക്കും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.
വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. കുട്ടിയെ കാണാതായ വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ ഇളവൂരും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. സോഷ്യല്‍ മീഡിയയിലും പകല്‍ മൊത്തം ദേവനന്ദയെ കാണാതായി എന്ന സന്ദേശം പ്രവഹിച്ചു. പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് സന്ദേശം ഷെയര്‍ ചെയ്തത്. അങ്ങനെ മലയാളികളെല്ലാം തെരച്ചിലിന്റെ ഭാഗമായി.
ദേവനന്ദയുടെ തിരോധാനം കാട്ടുതീ പോലെ പടര്‍ന്നിരുന്നു. ഈ സമയം ഒമാനില്‍ ജോലിയിലായിരുന്നു അച്ഛന്‍. വീട്ടില്‍ നിന്ന് മകളെ കാണാനില്ലെന്ന് അറിഞ്ഞ പ്രദീപിനെ നിയന്ത്രിക്കാന്‍ സഹ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. തേങ്ങുന്ന മനസ്സുമായി അച്ഛന്‍ പ്രദീപ് കുമാര്‍ മസ്‌കറ്റിില്‍ നിന്ന് ഇന്ന് നാട്ടിലെത്തും. അപ്പോള്‍ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാര്‍ത്തയാണ്. പ്രസവ ശുശ്രൂഷകള്‍ക്കായാണ് ധന്യ കുടവട്ടൂരിലെ സ്വന്തം വീട്ടില്‍നിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. അച്ഛന്‍ മോഹനന്‍പിള്ളയ്ക്കും അമ്മ രാധാമണിയമ്മയ്ക്കും ഒപ്പമായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ രാധാമണി തൊഴിലുറപ്പ് ജോലികള്‍ക്കും മോഹനന്‍പിള്ള ജോലിക്കായി പുറത്തേക്കും പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്.
കുട്ടികളെ വീട്ടിലാക്കിയ ശേഷം മുറ്റത്ത് തുണി കഴുകുകയായിരുന്ന അമ്മ ധന്യ തിരിച്ചെത്തിയപ്പോഴാണ് ദേവനന്ദയെ കാണാതായതായി അറിയുന്നത്. ഉടനെ അയല്‍വീടുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. നാട്ടുകാരില്‍നിന്ന് വിവരം അറിഞ്ഞെത്തിയ നെടുമ്പന പഞ്ചായത്ത്അംഗം ഉഷ കണ്ണനല്ലൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയശേഷം സ്ഥലത്തെത്തി വ്യാപകമായ അന്വേഷണം ആരംഭിച്ചു. മറ്റു സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബസുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും തെരച്ചില്‍ നടത്തി.
കൊല്ലത്തുനിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം കുട്ടിയുടെ വീടിന് നൂറുമീറ്റര്‍ അകലെയുള്ള പള്ളിമണ്‍ ആറ്റില്‍ പരിശോധന നടത്തിയിരുന്നു. പൊലീസിന്റെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരച്ചില്‍ വിഫലമായതോടെ വൈകിട്ട് ആറോടെ ഫയര്‍ഫോഴ്‌സ് സംഘം പരിശോധന നിര്‍ത്തി മടങ്ങി. പൊലീസ് സംഘം പരിസര പ്രദേശത്തെ ഒഴിഞ്ഞ സ്ഥലങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധന നടത്തി. സമീപത്തെ കിണറുകളും പൊലീസ് പരിശോധിച്ചു. ദേവനന്ദയുടെ വീട്ടില്‍ നിന്നിറങ്ങിയ പൊലീസ് നായ മണം പിടിച്ച് ആറ്റിന് തീരത്തുകൂടെ പൊന്തക്കാട്ടിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് ആറ്റിനക്കരയിലേക്കും വള്ളക്കടവ് എന്ന ആറ്റിന്റെ ഭാഗത്തേക്കും പോയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. എന്നാല്‍ ഇന്ന് രാവിലെയോടെ മൃതദേഹം പൊങ്ങുകയായിരുന്നു. അങ്ങനെ ദേവനന്ദ നമ്മളുടെ എല്ലാവരുടേയും വേദനയായി മാറി.
https://www.facebook.com/Malayalivartha