ദുര്‍ഗാ ശങ്കര്‍ മിശ്രയുടെ സന്ദേശം; ' കാസര്‍കോട് മുഖാവരണം ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴയിടുക'!

കേന്ദ്ര ശുചിത്വ ഭാരത മിഷന്‍ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര, രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നായ കാസര്‍കോട് നഗരസഭയുടെ സെക്രട്ടറി എസ്. ബിജുവിനു മൊബൈല്‍ വീഡിയോ കോള്‍ വഴി നല്‍കിയ സന്ദേശം ഇങ്ങനെ ആയിരുന്നു: മുഖാവരണം ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കു പിഴയിടുക, കോവിഡ് പ്രതിരോധത്തിനു സഹായകരമാകുന്ന വിവിധ മൊബൈല്‍ ആപ്പുകള്‍ ആളുകള്‍ക്കു നിര്‍ദേശിക്കുക, വ്യക്തി - പരിസര ശുചിത്വം ഉറപ്പുവരുത്തുക. ഇതു ശക്തമായി നടപ്പിലാക്കിയ നഗരങ്ങളുടെ ദൃശ്യങ്ങളും അദ്ദേഹം അയച്ചു.
11 മുതല്‍ 1.30 വരെയായിരുന്നു കോവിഡ് 19 ഹോട്ട് സ്‌പോട്ട് നഗരങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരുമായി കോണ്‍ഫറന്‍സ്. ഭക്ഷ്യസാധനങ്ങളുടെ വിതരണം, അതിഥി തൊഴിലാളികള്‍ - ഒറ്റപ്പെട്ടു താമസിക്കുന്ന വയോജനങ്ങള്‍ - സഹായം ആവശ്യമുള്ള ഇതര ജനവിഭാഗങ്ങള്‍ എന്നിവരുടെ താമസക്കാര്യങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങളുടെ പരിഹാരം എന്നിവ കുറ്റമറ്റ രീതിയില്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കാസര്‍കോട് നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച വരെ 33 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 2 പേര്‍ സുഖം പ്രാപിച്ചു. 611 പേര്‍ വീടുകളിലും 15 പേര്‍ കെയര്‍ സെന്ററുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്. തളങ്കര, നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, ചാല, അണംകൂര്‍ പ്രദേശങ്ങളിലുള്ളവര്‍ ആണ് കോവിഡ് ബാധിച്ചവര്‍. ഇവരെല്ലാം വിദേശത്തു നിന്നു നാട്ടില്‍ എത്തിയവരാണ്. 1275 അതിഥി തൊഴിലാളികള്‍ ഉണ്ട് നഗര പരിധിയില്‍. സന്നദ്ധ സംഘടനകളും നഗരസഭയും ഇവര്‍ക്കു ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ടെന്നു സെക്രട്ടറി അറിയിച്ചു.
കാസര്‍ഗോഡ് നഗരസഭ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ഒറ്റയ്ക്കു താമസിക്കുന്നവര്‍, ആശ്രയമില്ലാത്ത കിടപ്പു രോഗികള്‍, വയോജനങ്ങള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ ഡെസ്‌കിന്റെ ശ്രദ്ധയില്‍പ്പെടുത്താം. ഒപ്പം സാമൂഹിക വ്യാപനം തടയുന്നതിനാവശ്യമായ ഇടപെടലുകള്‍, രോഗലക്ഷണം ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവയും നടത്തും.
ക്ഷേമകാര്യ സമിതി അധ്യക്ഷ ഫര്‍സാന ശിഹാബുദ്ദീന്‍ ആണ് ഹെല്‍പ് ഡെസ്‌കിന്റെ ചുമതല. ഹെല്‍ത്ത് സൂപര്‍വൈസര്‍ എ.കെ. ദാമോദരന്‍, മെംബര്‍ സെക്രട്ടറി എ.ആര്‍. അജീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കാര്‍ത്യായനി തുടങ്ങിയവരും ഡെസ്‌കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്ന് സെക്രട്ടറി എസ്. ബിജു അറിയിച്ചു. ഹെല്‍പ് ഡെസ്‌ക് വാട്‌സാപ് നമ്പര്‍ - 9633263052, 9745707937.
https://www.facebook.com/Malayalivartha





















