കാസര്‍കോട് കോവിഡ് ആശുപത്രിയ്ക്കായി പുതിയ സ്ഥലം കണ്ടെത്തും, കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസര്‍ഗോഡ് ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ ടാറ്റ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന കോവിഡ് ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലം നിര്‍മാണത്തിന് അനുയോജ്യമല്ലെന്നു ടാറ്റ ഗ്രൂപ്പ്. റവന്യു വകുപ്പിന്റെ കൈവശമുള്ള 15 ഏക്കര്‍ സ്ഥലത്തിന്റെ ഒരു ഭാഗത്താണ് ആശുപത്രി നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്.ചെങ്കുത്തായ ഈ സ്ഥലത്തു നിര്‍മാണം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടാണു ടാറ്റ ഗ്രൂപ്പ് പ്രതിനിധികള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
ഇതോടെ ദേശീയപാതയില്‍ നിന്നു 15 മീറ്റര്‍ ഉയരത്തില്‍ തൊട്ടടുത്തുള്ള സ്വകാര്യ സ്ഥലം ലഭ്യമാക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. മുകളില്‍ നിന്നു 45 ഡിഗ്രി ചെരിഞ്ഞാണു ഭൂമി. ഇതിനോടു ചേര്‍ന്നു സ്വകാര്യവ്യക്തിയുടെ സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഈ സ്ഥലവും നേരത്തെ കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു ഭാഗവും ചേര്‍ത്താല്‍ ആശുപത്രി നിര്‍മിക്കാന്‍ കഴിയും.
ഭൂമിയുടെ ഉടമയുമായി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചതായാണു സൂചന. ഭൂമി ലഭിക്കുമെന്ന ഉറപ്പു ലഭിച്ചതോടെ ഈ സ്ഥലത്തു ടാറ്റ ഗ്രൂപ്പ് സര്‍വേ നടത്തി. കെട്ടിടം നിര്‍മിക്കുന്നതിനു മുന്നോടിയായി ഭൂമിയുടെ നിരപ്പ് അറിയാനുള്ള സര്‍വേയാണ് നടത്തിയത്. ചതുരാകൃതിയിലുള്ള സ്ഥലമാണ് ആശുപത്രിക്കു വേണ്ടത്. 10 അടി വീതിയും 40 അടി നീളവുമുള്ള സ്ട്രക്ചറുകളാണ് നിര്‍മാണത്തിനു ഉപയോഗിക്കുന്നത്.
എത്രയും പെട്ടെന്ന് ആദ്യഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി സ്ഥലം ടാറ്റ ഗ്രൂപ്പിനു വിട്ടുകൊടുക്കാനാണു തീരുമാനം. ഭൂമി സംബന്ധിച്ചു ധാരണയിലെത്തിയാല്‍ ഉടന്‍ തന്നെ നിരപ്പാക്കല്‍ ജോലികള്‍ ആരംഭിക്കും. കലക്ടര്‍ ഡി. സജിത്ത് ബാബു നേരിട്ടാണു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാഫണ്ടില്‍ നിന്ന് 15 കോടിയോളം രൂപ ചെലവഴിച്ചാണു പ്രീഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആശുപത്രി നിര്‍മിക്കുന്നത്.
ഇപ്പോള്‍ കോവിഡ് ആശുപത്രിയായിട്ടാണ് നിര്‍മിക്കുന്നതെങ്കിലും 50 വര്‍ഷത്തോളം നിലനില്‍ക്കുന്ന കെട്ടിടമാണ് ഇവിടെ ഉയരുന്നത്. നൂറിലധികം മുറികളുള്ള ഈ ആശുപത്രി കെട്ടിടം കോവിഡ് രോഗം അവസാനിച്ച ശേഷം എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല. കട്ടിലും കിടക്കയും ഒഴികെ ചികിത്സയ്ക്കുള്ള മറ്റു സംവിധാനങ്ങളൊക്കെ ഒരുക്കേണ്ടതു സര്‍ക്കാരാണ്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങുന്ന സാഹചര്യത്തില്‍ ഈ ആശുപത്രി നിലനിര്‍ത്താന്‍ തയാറായാല്‍ ജില്ലയുടെ ദുരിതത്തിനു വലിയൊരു ആശ്വാസമാകും.
https://www.facebook.com/Malayalivartha





















