സ്വകാര്യ ആംബുലന്‍സില്‍ ടാക്‌സി സര്‍വീസ് നടത്തിയ 2 ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി

കാസര്‍കോട് പെര്‍ളയില്‍ സ്വകാര്യ ആംബുലന്‍സില്‍ ലോക്ഡൗണില്‍ കുടുങ്ങിയവരെ കടത്തിയ ഡ്രൈവര്‍ക്കെതിരെ പരാതി. ആംബുലന്‍സില്‍ യാത്ര ചെയ്ത 4 പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി നിരീക്ഷണത്തിലാക്കി. കോഴിക്കോട്ടേക്ക്് രോഗിയെയും കൊണ്ടു പോയ ആംബുലന്‍സാണു തിരികെ വരുമ്പോള്‍ വടകരയില്‍ നിന്നു യാത്രക്കാരെ കയറ്റിയത്. കാസര്‍കോടുള്ള നാലു യുവാക്കള്‍ ലോക്ഡൗണ്‍ മൂലം വടകരയില്‍ കുടുങ്ങിയിരുന്നു. ഒരാള്‍ക്കു 2000 രൂപ നിരക്കില്‍ അവരെയാണ് രണ്ടു ദിവസം മുന്‍പു നാട്ടിലെത്തിച്ചത്.
വിവരമറിഞ്ഞ് എത്തിയ പെര്‍ള ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ യുവാക്കളെ നിരീക്ഷണത്തിലാക്കി. ആംബുലന്‍സ് ഡ്രൈവര്‍ വിനോദിനെതിരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.സജിത് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.
കോവിഡ് ഹോട്ട്‌സ്‌പോട് സ്ഥലമായ ചെമ്മനാട്ടേക്കു പോകാന്‍ പെര്‍ളയിലെ കെ.കെ.പുറത്തെ ആറംഗ കുടുംബം ശ്രമിച്ചതും ആരോഗ്യ പ്രവര്‍ത്തകര്‍ തടഞ്ഞു. തലേന്നു രാത്രി 8.30-ന് ടാക്‌സി ജീപ്പില്‍ പോകാന്‍ നടത്തിയ ശ്രമം ടൗണില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 9 മണിയോടെ കാസര്‍കോട്ടു നിന്ന് ആംബുലന്‍സ് വരുത്തി പോകാന്‍ വീണ്ടും ശ്രമിച്ചത്.
വീട്ടമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞായിരുന്നു യാത്ര. തുടര്‍ന്നു വീട്ടമ്മയെയും സഹായിയെയും മാത്രം പോകാന്‍ അനുവദിച്ചു. ഈ സംഭവത്തിലും ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















