വിഷു വിപണി നഷ്ടമായ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ വിഷു വിപണി നഷ്ടമായ കാസര്‍ഗോഡ് ജില്ലയിലെ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ജില്ലയില്‍ ഒരു ലക്ഷത്തോളം കണിക്കലങ്ങള്‍ ഇത്തവണ വിഷുവിപണി പ്രതീക്ഷിച്ചു നിര്‍മിച്ചതായാണു കണക്ക്. പല വീടുകളിലും വിഷുവിപണി ലക്ഷ്യമാക്കി തയാറാക്കിയ മണ്‍പാത്രങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കലങ്ങള്‍ കെട്ടിക്കിടക്കുന്നതു മടിക്കൈ എരിക്കുളത്താണ്. കൂടാതെ പൈക്ക, പെരിയ, കീക്കാനം, ബേളന്തടുക്കം തുടങ്ങിയ സ്ഥലങ്ങളിലും മണ്‍പാത്രങ്ങള്‍ സ്റ്റോക്കുണ്ട്.
കണിക്കല വിപണി കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, മാവുങ്കാല്‍, പാലക്കുന്ന്, ഉദുമ, കാസര്‍കോട്, പൊയിനാച്ചി എന്നിവിടങ്ങലിലെ പ്രധാന കേന്ദ്രങ്ങളിലാണ്. കൂടാതെ തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നു വീടുകളിലെത്തിച്ചും കണിക്കലങ്ങള്‍ വില്‍പന നടത്തുന്നു. ഇവ രണ്ടും സാധ്യമല്ലാതായതോടെ കടക്കെണിയിലാണു തൊഴിലാളികള്‍.
വിഷുവിപണിയില്ലാതായതോടെ പ്രതിസന്ധിയിലായ മണ്‍പാത്ര നിര്‍മാണ തൊഴിലാളികളില്‍ നിന്നു പാത്രങ്ങള്‍ കേരള കളിമണ്‍പാത്ര നിര്‍മാണ വിപണനക്ഷേമ വികസന കോര്‍പറേഷനിലൂടെ സംഭരിക്കണമെന്നും തൊഴിലാളികള്‍ക്ക് അസംസ്‌കൃത സാധനങ്ങള്‍ ശേഖരിക്കാന്‍ കോര്‍പറേഷന്‍ മുഖേന ധനസഹായം നല്‍കണമെന്നും കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ ജില്ലാ പ്രസിഡന്റ് ടി.വി.മോഹനനും സെക്രട്ടറി പി.ജയറാം പ്രകാശും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















