നാദാപുരത്ത് വാറ്റുകേന്ദ്രങ്ങളില്‍ നടത്തിയ തിരച്ചിലില്‍ വന്യമൃഗാവശിഷ്ടങ്ങളും വെടിക്കോപ്പും കണ്ടെത്തി

എക്‌സൈസ് സംഘം നാദാപുരം, പശുക്കടവില്‍ വ്യാജ മദ്യം വാറ്റുന്നത് കണ്ടെത്തുന്നതിന് നടത്തിയ തിരച്ചിലിനിടയില്‍ വന്യമൃഗങ്ങളെ വേട്ടയാടിയതിന്റെ അവശിഷ്ടങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. 70 ലീറ്റര്‍ വാഷും ശര്‍ക്കരയും സൂക്ഷിച്ച ചീരമറ്റത്തിങ്കല്‍ ലിനീഷിനെ ( 34) അറസ്റ്റ് ചെയ്തു. റേഞ്ച്
ഇന്‍സ്‌പെക്ടര്‍ ബി.സുമേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. കാട്ടുപോത്തിന്റെ ഒരു കൊമ്പ്, ഉറുമ്പ് തീനിയുടെ പുറംതോട്, തോക്കില്‍ ഉപയോഗിക്കുന്ന 15 തിരകള്‍, മറ്റ് സ്‌ഫോടക വസ്തുക്കള്‍ എന്നിവയും കണ്ടെടുത്തവയില്‍പ്പെടും. കുറ്റിയാടി വനം അധികൃതര്‍ സ്ഥലത്തെത്തിയാണ് വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞത്. മുന്‍പ് വന്യമൃഗ വേട്ടയ്ക്ക് അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങിയതാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ ഇന്ന് നാദാപുരം കോടതിയില്‍ ഹാജരാക്കും.
എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സി.പി.ചന്ദ്രന്‍, പി.പി.ജയരാജ്, സിഇഒമാരായ പി.കെ.അനിരുദ്ധ്, ആര്‍. ഷൈനി, വനം ഓഫിസര്‍ പി.കെ.രഞ്ജിത്ത്, ബീറ്റ് ഓഫിസര്‍ അശ്വിന്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വനം വകുപ്പും പ്രതിക്കെതിരെ കേസെടുക്കുമെന്ന് റേഞ്ച് ഓഫിസര്‍ കെ.നിതു അറിയിച്ചു.എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഇന്നലെ ജില്ലയില്‍ പിടികൂടിയത് 610 ലീറ്റര്‍ വാഷും 28 ലീറ്റര്‍ ചാരായവും.
കോഴിക്കോട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന 400 ലീറ്റര്‍ വാഷ് പിടികൂടി. മടവൂര്‍ നരിക്കുനി-കൊടുവള്ളി റോഡില്‍ ഒങ്കോറമല പിലാത്തോട്ടം മുക്കാളി ഭരതരാജന്റെ വീടിനോടു ചേര്‍ന്നുള്ള ഷെഡിനുള്ളിലെ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. ഭരതരാജനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര സര്‍ക്കിള്‍ എക്‌സൈസ് സംഘം കോട്ടൂരില്‍ 28 ലീറ്റര്‍ ചാരായവും 140 ലീറ്റര്‍ വാഷും പിടികൂടി.
https://www.facebook.com/Malayalivartha





















