പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതല്‍ വിട്ടുകൊടുക്കും; പിടിച്ചെടുത്ത വാഹനം തിരികെയെടുക്കുന്നതിന് വേണ്ടത് എപ്പിഡമിക് ആക്‌ട് പ്രകാരം പതിനായിരം രൂപ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 27,000 ലേറെ വാഹനങ്ങള്‍. നിലവിൽ പിടികൂടിയ വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഉടമസ്ഥർക്ക് തിരികെ നല്‍കും. ഇവര്‍ക്ക് പിഴ പൊലീസ് സ്റ്റേഷനില്‍ നല്‍കണോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും. എപ്പിഡമിക് ആക്‌ട് പ്രകാരം പതിനായിരം രൂപയാണ് പിടിച്ചെടുത്ത വാഹനം തിരികെയെടുക്കുന്നതിന് വേണ്ടത്. പിഴയടക്കാത്തവരുടെ വാഹനം എന്തു ചെയ്യണമെന്നത് സംബന്ധിച്ചും ഉടന്‍ തീരുമാനമുണ്ടാവും.
വാഹനം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഹനങ്ങള്‍ കുന്നു കൂടിയ സാഹചര്യത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേസും കോടതി നടപടികളും തുടരുമെന്ന് പോലീസ് അറിയിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് സര്‍ക്കര്‍ നിര്‍ദേശം കൊണ്ടുവന്നത്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ, നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുക്കാന്‍ തുടങ്ങിയിരുന്നു.
പിടിച്ചെടുത്തവയില്‍ എഴുപത് ശതമാനത്തിലേറെയും ഇരുചക്ര വാഹനങ്ങളാണ്. കോഴിക്കോട് മാത്രം 2212 വാഹനങ്ങളാണ് ഇന്നുവരെ പിടിച്ചെടുത്തത്. ബൈക്കുകളാണ് തൊണ്ണൂറ് ശതമാനവും. വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് കുന്നു കൂടുന്നത് തിരിച്ചടിയാവുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ തീരുമാനമായത്.
https://www.facebook.com/Malayalivartha





















