ഭ്രാന്തുവന്നാൽ ചികിൽസിക്കാം പക്ഷേ ചങ്ങലക്ക് ഭ്രാന്തു വന്നാൽ എന്ത് ചെയ്യും ? ; സെബാസ്റ്റ്യൻ പോളിനെതിരെ ആഞ്ഞടിച്ച് അഡ്വക്കറ്റ് ജോൺസൺ മനയാനി

ലോക്ഡൗണുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ വിവാദ അഭിപ്രായ പ്രകടനം നടത്തിയ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോളിനെതിരെ ആഞ്ഞടിച്ച് അഡ്വക്കറ്റ് ജോൺസൺ മനയാനി. സെബാസ്റ്റ്യൻ പോളിന്റെ കുറിപ്പ് തികച്ചും അസ്ഥാനത്തും ആക്ഷേപകരവും ലജ്ജാവഹവും ആണെന്ന് അഡ്വക്കറ്റ് ജോൺസൺ മനയാനി പ്രതികരിച്ചു. മദ്യാസക്തിപോലെ ചികിത്സ വേണ്ട ഒരു രോഗമാണ് പബ്ലിസിറ്റി മാനിയ എന്നും അദ്ദേഹം ആഞ്ഞടിച്ചു.
വിഷയത്തെപ്പറ്റി അഡ്വക്കറ്റ് ജോൺസൺ മനയാനിയുടെ പ്രതികറിച്ചത് ഇങ്ങനെയാണ്, 'അഡ്വക്കറ്റ് സെബാസ്റ്റ്യൻ പോളിന്റെയും മകന്റെയും കുറിപ്പുകൾ വായിച്ചു. മുൻ എം..പി, മുൻ എം.എൽ.എ., പത്രപ്രവർത്തകൻ , അഭിഭാഷകൻ ആയ സെബാസ്റ്യൻ പോളിന്റെ കുറിപ്പ് തികച്ചും അസ്ഥാനത്തും ആക്ഷേപകരവും ലജ്ജാവഹവും ആണെന്ന് പറയാൻ എനിക്ക് ഒരു സന്ദേഹവും ഇല്ല. മദ്യാസക്തിപോലെ ചികിത്സ വേണ്ട ഒരു രോഗമാണ് പബ്ലിസിറ്റി മാനിയ. കൊറോണാ ബാധക്കിടെ സ്വതന്ത്രവും പൗരധർമവും പ്രസംഗിക്കുന്നവർക്കുള്ള മറുപടിയാണ് ഗ്രേറ്റ് ബ്രിട്ടനിലെയും യു.എസ്എയിലെയും കൊറോണ വ്യാപനം. സെബാസ്റ്റ്യൻ പോളിന്റെ കുറിപ്പ് കൊറോണ ലോക് ഡൗണിനെതിരെയുള്ള പരസ്യആഹ്വാനവും, തദ്വാര രാജ്യദ്രോഹവുമാണ്. നിയമ നടപടികൾ എടുക്കേണ്ട കുറ്റകരമായ പ്രവൃത്തി. തങ്ങളുടെ സഹപ്രവർത്തകനെതിരെ എങ്ങനെ എൽഡിഎഫ് സർക്കാർ നീങ്ങും ?
എന്തായാലും സെബാസ്റ്യൻ പോളിന്റെ മകൻ തക്ക മറുപടി നല്കിയല്ലോ .. ഭ്രാന്തുവന്നാൽ ചികിൽസിക്കാം പക്ഷേ ചങ്ങലക്ക് ഭ്രാന്തു വന്നാൽ എന്ത് ചെയ്യും ? അതാണവസ്ഥ. ഈ ദുഃഖവെള്ളിയാഴ്ച ഈ കുറിപ്പ് എഴുതേണ്ടി വന്നതിൽ അതീവ ഖേദമുണ്ട് എന്നും അഡ്വക്കറ്റ് ജോൺസൺ മനയാനി പ്രതികരിച്ചു.
ലോക്ഡൗണുമായി ബന്ധപ്പെട്ടുള്ള സെബാസ്റ്റ്യൻ പോളിന്‍റെ കഴിഞ്ഞ എട്ടാം തീയതിയിലെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുൻപായിരുന്നു. കോതമംഗലത്തിനടുത്തു തൃക്കാരിയൂരിൽ. വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു. നമുക്ക് നഷ്‌ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ഡൗണിലായ പൊതുഇടങ്ങൾ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും. എന്നായിരുന്നു പോസ്റ്റ്.
എന്നാൽ ലോക്ഡൗൺ ലംഘിക്കാനുള്ള ആഹ്വാനമാണ് നടത്തിയതെന്നും കോവിഡിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ സ്വന്തം കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ പോൾ പരിഗണിക്കുന്നതെന്നും ആരോപണം ഉയർന്നു. സെബാസ്റ്റ്യൻ പോളിന്‍റെ മകൻ റോൺ ബാസ്റ്റ്യൻ തന്നെ പിതാവിന്‍റെ അഭിപ്രായത്തെ എതിർത്ത് കമന്‍റിട്ടു.
സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ വ്യക്തികൾക്ക് മൈക്കിന് മുന്നിൽ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ല. തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങൾ കാൽനടയായി നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളത്? അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ ചെയ്യേണ്ടത്. എന്നായിരുന്നു റോൺ ബാസ്റ്റ്യന്‍റെ കമന്‍റ്.
എന്നാൽ സംഭവം വിവാദമായതോടെ അഭിപ്രായ പ്രകടനത്തിന് വിശദീകരണവുമായി സെബാസ്റ്റ്യൻ പോൾ തന്നെ രംഗത്തെത്തി. ലോക്ഡൗൺ ലംഘിക്കാനല്ല, ലോക്ഡൗൺ കാലത്ത് നമുക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന ഓർമപ്പെടുത്തലാണ് താൻ നടത്തിയതെന്ന് സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















