ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് മലയാളികളുടെ മടക്കയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്ത് കേരളം... നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ വിദേശരാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വീസ് അനുവദിക്കരുതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് മലയാളികളുടെ മടക്കയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്ത് കേരളം. ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും പൊതുസ്ഥിതി കണക്കിലെടുത്ത് കേന്ദ്രനിര്‍ദേശങ്ങള്‍ കൂടി പാലിച്ചുമാത്രമേ സംസ്ഥാനസര്‍ക്കാരിന് എന്തു തീരുമാനവും എടുക്കാനാവൂ. കേരളത്തിനു മാത്രമായി ഇക്കാര്യത്തില്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ പറ്റിയ സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തുന്ന സര്‍ക്കാര്‍ മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടികളെക്കുറിച്ച് കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്.നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ വിദേശരാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വീസ് അനുവദിക്കരുതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.
കേന്ദ്രം പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലാവധിയായ 14-നു ശേഷമെടുക്കേണ്ട നിയന്ത്രണങ്ങള്‍, മുന്‍കരുതലുകള്‍ എന്നിവയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ മേയ് പകുതി കഴിഞ്ഞേ മലയാളികളുടെ മടക്കം സാധ്യമാകൂ. അതും കൊറോണയില്‍നിന്ന് രാജ്യം പൂര്‍ണമായും മോചിതമായി എന്നുറപ്പായെങ്കില്‍ മാത്രം. എന്നാല്‍, അതത് സംസ്ഥാനങ്ങളിലെ അവസ്ഥയ്ക്കനുസൃതമായി തീരുമാനം ഉണ്ടാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
അടച്ചുപൂട്ടല്‍ കാരണം കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം, ക്വാറന്റൈനിലായവര്‍ക്ക് താമസസൗകര്യം തുടങ്ങിയവ ഉറപ്പാക്കാന്‍ ലോകകേരള സഭാംഗങ്ങള്‍, മലയാളി സംഘടനകള്‍ എന്നിവയുടെ സഹായമുണ്ട്. തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ തൊഴിലുടമകളോട് അഭ്യര്‍ഥിക്കുന്നുമുണ്ട്. ഇതോടൊപ്പം എംബസികളിലേക്ക് നിരന്തരം ബന്ധപ്പെട്ട് സര്‍ക്കാരും നോര്‍ക്കയും വലിയ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. ഇതിനുപുറമേ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായവും തേടിയിരുന്നു.
വിമാനസര്‍വീസ് അനുവദിച്ചാല്‍പ്പോലും ഒറ്റയടിക്ക് മുഴുവന്‍ മലയാളികളെയും എത്തിക്കുക അസാധ്യവും അപ്രായോഗികവുമാണ്. വിമാനത്താവളത്തിലെത്തുന്ന മുഴുവന്‍ പ്രവാസികളെയും രണ്ടാഴ്ച നിരീക്ഷണത്തിലാക്കണമെന്നാണ് വിദഗ്ധ സമിതി പ്രധാനമന്ത്രിക്കു നല്‍കിയ ശുപാര്‍ശയിലുള്ളത്. ലക്ഷക്കണക്കിനാളുകള്‍ തിരിച്ചുവരവിനു തിടുക്കംകൂട്ടുമ്പോള്‍ ഇവരെയെല്ലാം ഒന്നിച്ചെത്തിച്ച് നിരീക്ഷണത്തിലാക്കുക ശ്രമകരമായ ജോലിയാണ്. അതിനാല്‍ ഘട്ടംഘട്ടമായേ ഇവരെ എത്തിക്കാനിടയുള്ളൂ. ഇതിന് ഏറെ സമയമെടുക്കും. ഇതിനകം ഹെല്‍പ്‌ഡെസ്‌കിലും നോര്‍ക്കയിലും വിളിച്ച് സഹായം തേടിയത് ആയിരങ്ങളാണ്. വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും കാലാവധി കഴിഞ്ഞവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, കാലാവധി തീര്‍ന്നതിന്റെ പേരില്‍ നടപടിയുണ്ടാകരുതെന്ന് കേരളം അതത് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
"
https://www.facebook.com/Malayalivartha





















