ആരോഗ്യരംഗത്ത് അഭിമാനമായി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ; നവജാത ശിശുവിനെ സംരക്ഷിക്കാനായി ഡോക്ടർമാർ അടങ്ങുന്ന സംഘം കാട് താണ്ടിയത് അഞ്ച് മണിക്കൂർ

കോവിഡ് 19 എന്ന മാരക വൈറസ് ലോകമാകെ ഭീതിയിലാഴ്ത്തുകയാണ്. എല്ലാവരും സ്വയം കരുതലിനായി വീടിനുള്ളിൽ സുരക്ഷിതരായി ഇരിക്കുമ്പോഴും ലോകമെമ്പാടും അഹോരാത്രം ജോലി ചെയ്തു സ്വയം സമർപ്പിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. നമ്മുടെ കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർപ്പണവും ചെറുതല്ല. ഐസൊലേഷൻ വാർഡിൽ മാത്രമല്ല ആരോഗ്യമേഖലയിലെ ഓരോ രംഗത്തും ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെയും കൈയൊപ്പ് കേരളത്തിന് മുതൽ കൂട്ടാവുകയാണ്.ഇപ്പോഴിതാ അട്ടപ്പാടിയിൽ തങ്ങളുടെ സമയോചിതമായ ഇടപെടൽ നടത്തി വീണ്ടും കയ്യടി നേടുന്നു നമ്മുടെ ആരോഗ്യ പ്രവർത്തകർ.
പിഞ്ചുകുഞ്ഞിനായി അട്ടപ്പാടിയിൽ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകരുടെ സംഘം 40 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ച ശേഷം കാട്ടിനുള്ളിലെ മല നടന്നുകയറിയത് 3 മണിക്കൂർ കൊണ്ട്. അട്ടപ്പാടി വനത്തിനുള്ളിൽ ആദിവാസി ഊരിലെ കുടിലിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും ചികിത്സ നൽകുന്നതിനാണു സംഘം മലകയറിയത്.
പുതൂർ പഞ്ചായത്തിലെ മേലെ തുഡുക്കി കുറുംബ ഗോത്രവർഗ ഊരിലെ യുവതിയാണു പെൺകുഞ്ഞിനെ പ്രസവിച്ചത്. ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിയെ ഈ മാസം അവസാനത്തോടെയേ ആശുപത്രിയിലേക്കു മാറ്റേണ്ടി വരൂ എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, 8ന് പുലർച്ചെ വേദന അനുഭവപ്പെട്ട യുവതി വെളുപ്പിന് 4.45നു പെൺകുഞ്ഞിനെ പ്രസവിച്ചു.
രാവിലെ വിവരമറിഞ്ഞതോടെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിലെ ഡോക്ടർമാരടങ്ങുന്ന സംഘം കാട്ടിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു മണിക്കൂറെടുത്ത് 40 കിലോമീറ്റർ വാഹനത്തിലും തുടർന്ന് വന്യമൃഗങ്ങളിറങ്ങുന്ന കാട്ടുപാതയിലൂടെ 3 മണിക്കൂർ നടന്നുമായിരുന്നു യാത്ര. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലുള്ള മേലെ തുഡുക്കിയിലേക്ക് റോഡ് സൗകര്യമില്ല.
അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ചികിത്സയും മരുന്നുകളും നൽകിയ ശേഷമാണു ഡോ.വിനീത് തിലകൻ, ഡോ.രഞ്ജിനി, ഡോ.മുബാറക്, ഡോ.അഞ്ജലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.സുരേഷ്, സൈജു, സ്റ്റാഫ് നഴ്സ് സാബിറ, ജെപിഎച്ച്എൻ ഗിറ്റി അലക്സ്, ഡ്രൈവർ സജേഷ്, സാലിഹ് എന്നിവരടങ്ങിയ സംഘം മടങ്ങിയത്.
ഈ കൊറോണക്കാലത്തും നന്മയുടെ കണികകൾ ചുറ്റും അലയടിക്കുകയാണ് എന്നതിന് ഇതില്പരം മറ്റെന്തു തെളിവാണ് നമുക്ക് വേണ്ടത്. വന്യമൃഗങ്ങളുള്ള കൊടും കട്ടിൽ കൂടി നടന്നാണ് ആ ആരോഗ്യപ്രവർത്തകർ അട്ടപ്പാടിയിലെ ഊരിലെത്തിയത്. നവജാതശിശുവിനു ആവശ്യമായ കരുതലും സ്നേഹവും അവർ പകർന്നു നൽകുമ്പോൾ കേരളത്തിന് അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളായി അത് മാറുകയാണ് .ശിശുമരണങ്ങളുടെ അലയൊലികൾ തീർത്ത നോവുചാലുകൾ അട്ടപ്പാടിയുടെ മായാത്ത മുറിവായിരുന്നു. ആ മുറിപ്പാടിൽ കൂടിയാണ് കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിലെ ഡോക്ടർമാരടങ്ങുന്ന സംഘം സാന്ത്വനത്തിന്റെ മരുന്നുകൾ പുരട്ടി കേരളത്തിന് അഭിമാനമായത്.
https://www.facebook.com/Malayalivartha





















