വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല... മേല്‍ശാന്തിക്കും ചുമതലയുള്ള കീഴ്ശാന്തിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം പ്രവേശനം

വിഷുക്കണി ദര്‍ശനത്തിന് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസും അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിറും അറിയിച്ചു. മേല്‍ശാന്തിക്കും ചുമതലയുള്ള കീഴ്ശാന്തിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം. വിഷു നമസ്‌കാര സദ്യ രണ്ടുപേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. പകര്‍ച്ച ഉണ്ടാവില്ല. തിങ്കളാഴ്ച രാത്രി തൃപ്പുകക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക.
ഓട്ടുരുളിയില്‍ ഉണക്കല്ലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാല്‍ക്കണ്ണാടി, സ്വര്‍ണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണിയായി ഒരുക്കുക. പുലര്‍ച്ചെ 2.15ന് ശ്രീകോവിലില്‍ പ്രവേശിക്കുന്ന മേല്‍ശാന്തി സുമേഷ് നമ്പൂതിരി കണിയൊരുക്കിയത് ആദ്യം ഗുരുവായൂരപ്പനെ കാണിക്കും. തുടര്‍ന്ന് അലങ്കാരത്തോടുകൂടിയ സ്വര്‍ണ തിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നള്ളിച്ച് വെക്കും. മുന്നില്‍ കണിക്കോപ്പുകളും ഒരുക്കിവെക്കും. തുടര്‍ന്ന് ശ്രീലക വാതില്‍ തുറക്കും. മൂന്ന് വരെയാണ് വിഷുക്കണി ദര്‍ശനം.
https://www.facebook.com/Malayalivartha





















