സുഗന്ധവിളകള്‍ കടകളില്‍ കെട്ടിക്കിടക്കുന്നു, മലഞ്ചരക്ക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

കൂത്താട്ടുകുളത്ത് ലോക്ഡൗണിനെ തുടര്‍ന്നു റബര്‍, മലഞ്ചരക്ക് കടകള്‍ തുറക്കാത്തതിനാല്‍ വിളകള്‍ വില്‍ക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍. എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയിലെ കര്‍ഷകരേറെയും റബര്‍, കുരുമുളക്, കൊക്കോ, കാപ്പി, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, ജാതി തുടങ്ങിയവ കൃഷി ചെയ്യുന്നവരാണ്. അടച്ചിട്ട കടകളിലെ സ്റ്റോക്ക് വിറ്റഴിക്കാനാകാതെ വ്യാപാരികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഇത്തരം ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നു വാങ്ങുന്ന നാട്ടിന്‍പുറങ്ങളിലെ കടകള്‍ ഗ്രാമീണ കര്‍ഷകന് എടിഎം പോലെയാണ്. അരിയും പലവ്യഞ്ജനങ്ങളും വാങ്ങേണ്ടി വരുമ്പോള്‍ വീട്ടില്‍ കരുതി വച്ചിരിക്കുന്ന നാണ്യവിളകളില്‍ അല്‍പമെടുത്ത് ഇത്തരം കടകളില്‍ വിറ്റാണ് ആവശ്യം സാധിക്കുന്നത്. ഈസ്റ്ററും വിഷുവും അടുത്തു വരുമ്പോള്‍ ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചാലും അത്യാവശ്യ കാര്യങ്ങള്‍ നടത്താന്‍ പാടുപെടുകയാണെന്ന് മുത്തോലപുരം സ്വദേശിയായ രാജു പറഞ്ഞു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഇത്തരം കടകള്‍ തുറക്കാനുള്ള അനുവാദം കൂടി നല്‍കിയാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകും.
കേടായിപ്പോകുന്ന സുഗന്ധവിളകളാണ് കടകളില്‍ കെട്ടിക്കിടക്കുന്ന പലതും എന്നത് വ്യാപാരികളുടെ നെഞ്ചിടിപ്പേറ്റുന്നത്. മഞ്ഞളും കുരുമുളകും ജാതിക്കയുമെല്ലാം ഷട്ടറിട്ട കടകള്‍ക്കുള്ളില്‍ ആവിച്ചു നശിക്കുകയാണ്. മഞ്ഞളും മറ്റും കീടം കുത്തി ഉപയോഗശൂന്യമാകുന്നു. റബര്‍ഷീറ്റും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങുന്ന സ്റ്റോക്ക് കയറ്റി വിടാനുള്ള അനുവാദം കൂടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
https://www.facebook.com/Malayalivartha





















