മത്സ്യഫെഡ് മത്സ്യബന്ധന വള്ളങ്ങളില്‍നിന്ന് മീന്‍ നേരിട്ടു വാങ്ങി

ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങളില്‍നിന്നു മത്സ്യഫെഡ് മീന്‍ നേരിട്ടു വാങ്ങുന്നു. തോട്ടപ്പള്ളി ഹാര്‍ബറില്‍േ സംസ്ഥാനത്ത് ആദ്യമായി പുതിയ രീതി ആരംഭിച്ചു. മത്സ്യലേലം ഒഴിവാക്കാന്‍ മാത്രമാണു ലോക്ഡൗണ്‍ തുടങ്ങിയ ശേഷം മത്സ്യഫെഡ് പ്രധാനമായും ഇടപെട്ടിരുന്നത്.
ഇനി രാത്രി വൈകിയെത്തുന്ന വള്ളങ്ങളില്‍നിന്നു വാങ്ങുന്ന മീന്‍ സംഭരിച്ച ശേഷം പിറ്റേന്നു രാവിലെ കച്ചവടക്കാര്‍ക്കു നല്‍കും. അധികമുള്ള മീന്‍ മത്സ്യഫെഡ് സ്റ്റാളുകളിലെത്തിച്ചു വില്‍ക്കും. ദിവസവും രാവിലെ കച്ചവടക്കാര്‍ക്കു ടോക്കണ്‍ നല്‍കി, സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിച്ചാകും മത്സ്യഫെഡ് വില്‍പന.
ലോക്ഡൗണ്‍ സമയത്തു ലേലം പാടില്ലെന്നു വ്യവസ്ഥയുള്ളതിനാല്‍ രാത്രി എത്തുന്ന വള്ളങ്ങള്‍ പല സ്ഥലങ്ങളിലായി അടുത്ത ശേഷം, കിട്ടുന്ന വിലയ്ക്കു വില്‍ക്കുകയാണ് പലരും ചെയ്യുന്നത്. വള്ളക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ മീന്‍ വാങ്ങി സംഭരിക്കുന്നതിലൂടെ കഴിയുമെന്നു മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍ പറഞ്ഞു. നിയമവിരുദ്ധ കച്ചവടം തടയാനും ചെറു കച്ചവടക്കാര്‍ക്ക് ഉപജീവനം മുടങ്ങാതെ നോക്കാനും ജനങ്ങള്‍ക്കു നല്ല മീന്‍ ലഭ്യമാക്കാനും കഴിയും. പുതിയ രീതി നടപ്പാക്കാന്‍ ഇന്നലെ പൊലീസ്, ഫിഷറീസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെയും തോട്ടപ്പള്ളി ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെയും യോഗം ചേര്‍ന്നു.
തോട്ടപ്പള്ളി ഹാര്‍ബറില്‍ ദിവസവും രാവിലെ 6 മുതല്‍ 8 വരെയാണ് കച്ചവടക്കാര്‍ക്ക് മത്സ്യഫെഡ് മീന്‍ വില്‍ക്കുക. 5 പേര്‍ വീതമുള്ള ക്യു സംവിധാനത്തിലൂടെയാണിത്. ലേലം നിര്‍ത്തിയതോടെ മത്സ്യഫെഡ് ഉദ്യോഗസ്ഥരെത്തി ടോക്കണ്‍ നല്‍കി വള്ളങ്ങളില്‍നിന്നു മീന്‍ വാങ്ങാന്‍ സൗകര്യമൊരുക്കുകയാണു ചെയ്തിരുന്നത്. ഇതിനു മത്സ്യഫെഡ് ചെറിയ കൈകാര്യച്ചെലവ് ഈടാക്കിയിരുന്നു.
എന്നാല്‍ ആലപ്പുഴ രൂപത സൊസൈറ്റി മത്സ്യഫെഡ് നടപ്പാക്കിയ പുതിയ ലേല സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. സൊസൈറ്റി മുന്‍കയ്യെടുത്ത് നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരാണ് ഈ ആവശ്യം ഉന്നയിച്ചത്. കോവിഡ് രോഗഭീഷണി കഴിയുമ്പോള്‍ മത്സ്യഫെഡിന്റെ ലേല സംഘത്തെ നിലനിര്‍ത്തി മത്സ്യ സഹകരണ സംഘങ്ങള്‍ നടത്തിവന്ന ലേലം ഇല്ലാതാക്കാനാണ് നീക്കം. കൊറോണയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ പറഞ്ഞയ്യ്ക്കുന്നത് ക്രൂരതയാണെന്നും തൊഴില്‍രഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും 10000 രൂപ വീതം പ്രതിമാസം നല്‍കണമെന്നും ആവശ്യപ്പെട്ടു.
വൈകാതെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളില്‍ കണ്ടെയ്‌നറുകളില്‍ മീന്‍ സംഭരിക്കുന്ന പദ്ധതി മത്സ്യഫെഡ് തുടങ്ങുമെന്ന് പി.പി.ചിത്തരഞ്ജന്‍ പറഞ്ഞു. തുടക്കത്തില്‍ കണ്ടെയ്‌നര്‍ വാടകയ്ക്ക് എടുക്കും. പിന്നീടു സ്വന്തമായി വാങ്ങും. ഈ പദ്ധതിക്കു രൂപം നല്‍കാന്‍ 16-ന് തിരുവനന്തപുരത്തു മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പങ്കെടുക്കും.
https://www.facebook.com/Malayalivartha





















