തബ് ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നു എന്ന് വ്യാജ സന്ദേശം; 'മാതൃ ശാഖ' വാട്സാപ്പ് അഡ്മിനെ പൂട്ടി പോലീസ്; മൊത്തം അറസ്റ്റിലായത് 10 പേര്‍ സ്ത്രീകളും നിരീക്ഷണത്തില്‍

കോട്ടയം തെക്കുംഗോപുരത്ത് നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചു താമസിച്ചെന്നും, ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമുള്ള വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ അടക്കം പത്തു പേര്‍ അറസ്റ്റില്‍. പത്തുപേരുടെയും ഫോണും പൊലീസ് പിടിച്ചെടുത്തു. വേളൂര്‍ മാണിക്കുന്നം ചെമ്പോട് വീട്ടില്‍ ഹരീഷ് ബാബു മകന്‍ സി.എച്ച് ജിതിനാണ് (33) വ്യാജ പ്രചാരണക്കുറിപ്പ് സഹിതം വീഡിയോ പ്രചരിപ്പിച്ചത് എന്ന് പൊലീസ് കണ്ടെത്തി.
ഇയാള്‍ 'മാതൃ ശാഖ' എന്ന വാട്സ് അപ്പ് ഗ്രൂപ്പില്‍ ഈ വീഡിയോ 'തബലീഗ് കോവിഡ് കോട്ടയത്തും... തേക്കുംഗോപുരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസിനു എതിര്‍ വശം ഉള്ള പള്ളിയില്‍ നിന്നും ഒളിച്ചു താമസിച്ച 7 പേരെ പിടി കൂടി .. ഫയര്‍ ഫോഴ്സ് എത്തി അണു നശീകരണം നടത്തുന്നു.. - എന്ന തലക്കെട്ട് സഹിതം പ്രചരിപ്പിക്കുകയായിരുന്നു.
ഈ ഗ്രൂപ്പില്‍ നിന്നും വീഡിയോ പ്രചരിപ്പിച്ച കൊല്ലാട് പ്ളാന്മുട്ടില്‍ ജോസഫ് ജോര്‍ജ് (26) , കല്ലുപുരയ്ക്കല്‍ അറുവക്കണ്ടത്തില്‍ സുനില്‍ ബാബു (42) , മാണിക്കുന്നം പഞ്ഞിപ്പറമ്പില്‍ ജയന്‍ (42), വേളൂര്‍ കല്ലുപുരയ്ക്കല്‍ വലിയ മുപ്പതില്‍ ചിറ നിഖില്‍ (35), തിരുവാതുക്കല്‍ വെളിയത്ത് അജോഷ് (36) , വേളൂര്‍ പാണംപടി അശ്വതി ഭവന്‍ അനീഷ് (35), മാണിക്കുന്നം പുറക്കടമാരി വൈശാഖ് (23) , പുന്നയ്ക്കല്‍ മറ്റം ജിജോപ്പന്‍ (35) , തെക്കും ഗോപുരം സാഗരയില്‍ ശ്രീജിത്ത് (23) എന്നിവരെയാണ് വെസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കുംഗോപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലെ പള്ളിയ്ക്കു മുന്നില്‍ അഗ്നിരക്ഷാ സേന അണുനശീകരണം നടത്തുന്ന വീഡിയോയാണ് തെറ്റായ കുറിപ്പ് സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ പ്രചാരണത്തിനെതിരെ തെക്കും ഗോപുരം അല്‍ അറാഫാ റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി മുസ്തഫ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് പരാതി നല്‍കിയിരുന്നു.
പരാതി അന്വേഷിക്കുന്നതിനായി ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍ , വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.ജെ അരുണ്‍ , എസ് ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെക്കും ഗോപുരം പള്ളിയ്ക്ക് സമീപത്തെ ടയര്‍ കടയിലെ അതിഥി തൊഴിലാളിയാണ് വീഡിയോ പകര്‍ത്തിയത് എന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് , വീഡിയോ കടയുടമയ്ക്ക് അയച്ച് നല്‍കിയതായി കണ്ടെത്തിയത്. തുടര്‍ന്ന്, ഇയാളെ ചോദ്യം ചെയ്തതോടെ ഇയാളുടെ മകന്‍ ജിതിന് വീഡിയോ അയച്ചതായി കണ്ടെത്തി. ജിതിനെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് ഇയാളാണ് വാര്‍ത്ത എഴുതി അയച്ചത് എന്ന് ഉറപ്പിച്ചത്.
ജിതിനാണ് പാണം പടി കേന്ദ്രീകരിച്ചുള്ള
മാതൃ ശാഖ എന്ന ഗ്രൂപ്പില്‍ ആദ്യമായി വീഡിയോ ഷെയര്‍ ചെയ്തത്. പിന്നാലെ, സ്ത്രീകള്‍ അടക്കമുള്ള പാണംപടി എഡിഎസ് ഗ്രൂപ്പിലും, ഇവിടെ നിന്ന് ഇല്ലം ഗ്രൂപ്പ് ,മണിപ്പുഴ ഗ്രൂപ്പ് , ഓള്‍ കോട്ടയം ഗ്രൂപ്പ് എന്നിവിടങ്ങളിലും വാര്‍ത്ത ഷെയര്‍ ചെയ്തു. ഇതോടെ നൂറ് കണക്കിനു പേരാണ് വാര്‍ത്ത ഷെയര്‍ ചെയ്തത്. വാര്‍ത്തയും വീഡിയോയും ഷെയര്‍ ചെയ്ത സ്ത്രീകള്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. ഇരുപത്തിയഞ്ചോളം ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha





















