സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു

കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതമാണു നല്‍കുന്നത്.
ആദ്യദിനം എഎവൈ (മഞ്ഞ കാര്‍ഡ്) വിഭാഗത്തിലെ 2,25,248 പേര്‍ റേഷന്‍ വാങ്ങിയതായാണു സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്ക്. എഎവൈ കാര്‍ഡുകള്‍ക്കുള്ള വിതരണം ഇന്നും തുടരും. പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള കേന്ദ്ര അരി വിതരണം നാളെ മുതല്‍ ആരംഭിക്കും.
റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചുള്ള മൊബൈല്‍ ഫോണിലെ ഒടിപി സംവിധാനം വഴിയായിരിക്കും കേന്ദ്ര അരി വിതരണം എന്ന നിബന്ധനയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് നേരിയ ഇളവു വരുത്തി. ഒടിപി ലഭ്യമാകാതെയോ പരാജയപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഇപോസ് മെഷിനില്‍ രേഖപ്പെടുത്തി മാനുവലായി തന്നെ റേഷന്‍ കട ഉടമകള്‍ക്കു വിതരണം നടത്താം. കോവിഡ് കാലത്ത് ഒടിപി സംവിധാനം ഉപയോഗിക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷന്‍ കടകളിലെ തിരക്ക് കാരണം 27-ന് ആരംഭിക്കുന്ന വിധത്തില്‍ പുനഃക്രമീകരിച്ചു. നേരത്തെ നാളെ മുതല്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. പിങ്ക് കാര്‍ഡിന്റെ അവസാനത്തെ അക്കങ്ങള്‍ യഥാക്രമം 0 - ഏപ്രില്‍ 27, 1-28, 2-29, 3-30, 4- മേയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന ക്രമത്തില്‍ വിതരണം ചെയ്യും.
https://www.facebook.com/Malayalivartha

























