ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് അറയില്‍ തീപിടിത്തം. സംഭവത്തെ തുടര്‍ന്ന് വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
ഇന്‍ഡിഗോയുടെ 6ഇ 6115, വിമാനത്തിലാണ് സംഭവം. എയര്‍ബസ് എ321251എന്‍ വിഭാഗത്തില്‍പ്പെട്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടത്. വൈകിട്ട് നാലിന് ചെന്നൈയിലെത്തേണ്ടതായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലഗേജ് അറയില്‍നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീ അണയ്ക്കാന്‍ ചില യാത്രക്കാര്‍ കൈവശമുണ്ടായിരുന്ന ബാഗുകള്‍ ഉപയോഗിച്ച് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിലെ ജീവനക്കാര്‍ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.
യാത്രക്കാരുടെ ചെന്നൈയിലേക്കുള്ള യാത്ര തുടരാന്‍ മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയും ചെയ്തു. അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും നല്‍കുന്നതിനും കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുഖ്യ പരിഗണനയെന്നും പ്രസ്താവനയില്‍ വിമാന കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















