ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അമിതവേഗത്തിലെത്തിയ മണല്‍ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് ബമ്പറില്‍ പിടിച്ചുതൂങ്ങി. മഹാരാഷ്ട്രയിലെ ശ്രീരാംപൂരിലാണ് സംഭവം. അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോറി മുന്നോട്ടുനീങ്ങുന്നതിനിടെ ബമ്പറില്‍ പിടിച്ചുനിന്ന യുവതിയുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്.
വളവിലൂടെ പാഞ്ഞെത്തിയ മണല്‍ലോറി യുവതി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് നേരിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. ലോറിക്കടിയിലേക്ക് വീഴാനുള്ള സാഹചര്യമുണ്ടായെങ്കിലും നിമിഷനേരത്തിനുള്ളില്‍ ലോറിയുടെ മുന്‍വശത്തെ ബമ്പറില്‍ പിടിക്കുകയായിരുന്നു യുവതി. ഇതോടെ വാഹനത്തിന്റെ ചക്രങ്ങള്‍ക്കടിയില്‍പ്പെടാതെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടന്നയുടന്‍ റോഡിലേക്കു വീണ സ്‌കൂട്ടര്‍ മാറ്റാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ യുവതിയെ സഹായിക്കുന്നതിന് പകരം ലോറിയില്‍നിന്നിറങ്ങിയ ഡ്രൈവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ബഹളം കേട്ട് നാട്ടുകാരും വഴിയാത്രക്കാരും സ്ഥലത്ത് തടിച്ചുകൂടി. ഇതിനുപിന്നാലെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം.
https://www.facebook.com/Malayalivartha
























