മഞ്ചേരിയില്‍ ഇനി കോവിഡ് സ്ഥിരീകരണം നടത്താം

റിയല്‍ ടൈം പിസിആര്‍ ലാബ് കോവിഡ് 19 സ്ഥിരീകരണത്തിന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) അംഗീകാരം നല്‍കി. ആരോഗ്യ വകുപ്പിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ മലപ്പുറം ജില്ലയില്‍നിന്നുള്ള സാംപിള്‍ പരിശോധന മഞ്ചേരിയില്‍ നടക്കും.
ജില്ലയില്‍ നിന്നുള്ള സാംപിള്‍ ഇനി മുതല്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കേണ്ടതില്ല. കോവിഡ് പരിശോധനാ ഫലം ലഭിക്കാനുള്ള കാലതാമസവും ഇല്ലാതാകും. പരീക്ഷണാര്‍ഥം കോവിഡ് പോസിറ്റീവ് ആയ സാംപിള്‍ ഉപയോഗിച്ചു ലാബില്‍ കണ്‍ട്രോള്‍ ടെസ്റ്റ് നടത്തിയതിന്റെ ഫലവും ഗ്രാഫും ഉള്‍പ്പെടെ വിവരങ്ങള്‍ ഐസിഎംആറിനു സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് അനുമതി.
>രാവിലെ സാംപിള്‍ നല്‍കിയാല്‍ വൈകിട്ടോടെ പരിശോധന ഫലം ലഭിക്കും. വൈകിട്ട് ആണെങ്കില്‍ അടുത്ത ദിവസം കിട്ടും. മഞ്ചേരിയില്‍ പരിശോധന തുടങ്ങുന്നതോടെ കാത്തിരിപ്പ് ഒഴിവാകും കാലതാമസം ഇല്ലാതാകുന്നതോടെ രോഗി കൂടുതല്‍ സമയം ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നത് ഒഴിവാക്കാം. ആലപ്പുഴ വൈറോളജി ലാബിലേക്ക് ആണു നിലവില്‍ സാംപിള്‍ അയയ്ക്കുന്നത്. അതിനാല്‍ ഫലം അറിയാന്‍ രണ്ടും മൂന്നും ദിവസം കാത്തിരിക്കണം.
ജില്ലയില്‍ രോഗബാധയുടെ തോത് കുറഞ്ഞ സാഹചര്യത്തില്‍, ദിവസം ഒരു ബാച്ചില്‍ 90 ടെസ്റ്റ് നടത്താനാകുമെങ്കിലും 90 ടെസ്റ്റ് നടത്തേണ്ടി വരില്ല. കൂടുതല്‍ സാംപിള്‍ ഉണ്ടെങ്കില്‍ ഇത് വര്‍ധിപ്പിക്കാനാകും. ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്ന സാംപിള്‍ പരിശോധിക്കാനാകും. രണ്ടു ഘട്ടമായാണ് സാംപിള്‍ പരിശോധന. പരിശീലനം ലഭിച്ച 12 ടെക്‌നിഷ്യന്‍മാര്‍ ഒരാഴ്ച മുന്‍പ് ചുമതലയേറ്റു. വിദേശ രാജ്യങ്ങളില്‍ ലാബില്‍ ജോലി പരിചയമുള്ള ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് ലാബ് സജ്ജമാക്കിയത്.
സംസ്ഥാനത്തു 10 റിയല്‍ ടൈം പിസിആര്‍ മെഷീന്‍ വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ഉള്‍പ്പെടുത്തിയാണ് മഞ്ചേരിയില്‍ ലാബ് സജ്ജമാക്കുന്നത്. ഒരു കോടി രൂപ ചെലവു വരും. എം.ഉമ്മര്‍ എംഎല്‍എ 29 ലക്ഷം രൂപ അനുവദിച്ചു. ബയോ സേഫ്റ്റി കാബിന്‍, ശീതീകരണി തുടങ്ങിയവ സജ്ജമാക്കി. പഴയ അക്കാദമിക് ബ്ലോക്ക് കെട്ടിടത്തില്‍ മൈക്രോ ബയോളജി വിഭാഗത്തിനു സമീപം ആണ് ലാബ്. നിപ്പ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി മലേറിയ തുടങ്ങിയ വൈറല്‍ ബാക്ടീരിയ മൂലം ഉള്ള സാംക്രമിക രോഗങ്ങളുടെ ടെസ്റ്റ് നടത്താനാകും.
എന്‍ഐവി ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച് കാസര്‍കോട് സെന്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് നിലവില്‍ ലാബുകളുള്ളത്.
https://www.facebook.com/Malayalivartha

























