ആറ്റിങ്ങലില്‍ പോപ്പുലര്‍ ഫിനാന്‍സില്‍ വന്‍ കവര്‍ച്ച, വനിതകളുള്‍പ്പെടെ 4 ജീവനക്കാരെ കെട്ടിയിട്ടാണ് മോഷണം നടത്തിയത്

ആറ്റിങ്ങല്‍ കോടതി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ശനിയാഴ്ച രാവിലെ വന്‍ കവര്‍ച്ച. ദേശീയ പാതയില്‍ പൊലീസ് സ്റ്റേഷനും സബ് ട്രഷറിയ്ക്കും സിവില്‍ സ്റ്റേഷനും സമീപമാണ് മോഷണം നടന്ന പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനം. പൊലീസ് സ്റ്റേഷന്‍ സ്ഥാപനത്തില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയാണ്. സ്ഥാപനത്തിലെ നാല് ജീവനക്കാരെ കെട്ടിയിട്ടാണ് മോഷണം നടന്നത്. അഞ്ച് ലക്ഷം രൂപയും രണ്ടരക്കിലോ സ്വര്‍ണ്ണവും മോഷണം പോയെന്നാണ് പ്രാഥമിക നിഗമനം. ആയുധങ്ങളുമായെത്തിയ മൂന്ന് പേരാണ് കവര്‍ച്ച നടത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നു. രാവിലെ 9.10 നായിരുന്നു സംഭവം. രാവിലെ സ്ഥാപനം തുറന്ന് വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരിയെയും സ്ഥാനപത്തിന്റെ മാനേജരേയും അക്കൗണ്ടന്റ്മാരായ രണ്ട് വനിത ജീവനക്കാരികളെയും കെട്ടിയിട്ടശേഷമായിരുന്നു മോഷണം. അക്കൗണ്ടന്റുമാരുടെ കയ്യില്‍ നിന്ന് പണം സൂക്ഷിക്കുന്ന സേഫിന്റെ താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. വനിത ജീവനക്കാരികള്‍ ധരിച്ചിരുന്ന ആഭരണങ്ങളും മോഷ്ടിച്ചിട്ടുണ്ട്. കെട്ടിയിട്ട ജീവനക്കാരിലൊരാള്‍ നിരങ്ങിയിറങ്ങി പുറത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് പൊലീസ് എത്തിയാണ് കെട്ടഴിച്ച് ഇവരെ മോചിപ്പിച്ചത്. മധ്യവയസ്കരായ മലയാളം സംസാരിക്കുന്ന മൂന്ന് പേരാണ് സംഭവത്തിന് പിന്നിലെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























