ബിജുവിനെ കണ്ടെന്നും സരിതയെ കണ്ടില്ലെന്നും മുഖ്യമന്ത്രി, വിജ്ഞാന്‍ ഭവനില്‍ കണ്ടത് സരിതയെയല്ല, മുഖ്യമന്ത്രി പൊട്ടന്‍ കളിക്കുകയാണെന്ന് വിഎസ്

സോളാര്‍ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി ബിജു രാധാകൃഷ്ണനെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ചു. കുടുംബകാര്യങ്ങളാണ് സംസാരിച്ചത്. എംപിയായ എം.ഐ. ഷാനവാസാണ് അയാളെ കൂട്ടികൊണ്ടുവന്നത്. കൂടിക്കാഴ്ച നടന്ന കാലത്ത് അയാള്‍ പിടികിട്ടാപ്പുള്ളിയായിരുന്നില്ല. എന്നാല്‍ സരിത എസ് നായരെ താന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയൊരു വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് കണ്ടത് സുപ്രീം കോടതിയിലുള്ള സര്‍ക്കാരിന്റെ പ്രതിനിധിയായ വനിതയെയാണെന്നും അദ്ദേഹം പറഞ്ഞു. ശൂന്യവേളയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ടീം സോളാറിന് ഔദ്യോഗിക ലെറ്റര്‍പാഡില്‍ ശുപാര്‍ശക്കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ആ കമ്പനിയെ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം എഡിജിപി അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പൊട്ടന്‍ കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് തെറ്റാണ്. തട്ടിപ്പുകാരെ സംരക്ഷിക്കുന്നതും തെറ്റാണ്.
മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ സഹായിയായി ഡല്‍ഹിയില്‍ പോയ തോമസ് കുരുവിള ഇപ്പോള്‍ കോടീശ്വരനാണ്. ഇയാളുടെ വരുമാന സ്രോതസ്സിനെ കുറിച്ചും അന്വേഷിക്കണം.
ഇത്രവലിയൊരു ആരോപണം മുഖ്യമന്ത്രിക്കെതിരെ ഉണ്ടായതുകൊണ്ടു തന്നെ രാജിയില്‍ കുറഞ്ഞതൊന്നും പ്രതിപക്ഷം ആവശ്യപ്പെടില്ലെന്നും വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു.
രാവിലെ നിയമസഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള സമയത്ത് പ്ലക്കാര്‍ഡുകളും ബാനറുകളുമായി അവര്‍ നടുത്തളത്തിലിറങ്ങി. ബഹളം നിയന്ത്രണാതീതമായപ്പോള്‍ സ്പീക്കര്‍ ചോദ്യോത്തരവേള വേണ്ടെന്നുവെച്ചു. പ്രതിപക്ഷം സഭയ്ക്കുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി.
https://www.facebook.com/Malayalivartha


























