വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണത്തിന് യൂണിടാകിനു വഴിയൊരുക്കാനായി സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ്ഫോഡിന്റെ എസ്റ്റിമേറ്റ് തള്ളി

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണത്തിനു സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ്ഫോഡിന്റെ എസ്റ്റിമേറ്റ് തള്ളിക്കളഞ്ഞിട്ടാണ് യൂണിടാകിനു വഴിയൊരുക്കിയത്. ലൈഫ് മിഷന്റെ പേരില്‍ തയാറാക്കിയ പ്ലാന്‍ പെര്‍മിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകര്‍ക്ക് കൈമാറി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പാവപ്പെട്ടവര്‍ക്കായി ഫ്ലാറ്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 2.5 കോടി രൂപ സമാഹരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഈ ഫണ്ട് ഉപയോഗിച്ചാണ് സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള 2.5 ഏക്കര്‍ സ്ഥലം 74 ലക്ഷം രൂപയ്ക്കു വാങ്ങിയത്. സ്ഥലം വാങ്ങിയ ശേഷം എസ്റ്റിമേറ്റ് തയാറാക്കാന്‍ കോസ്റ്റ്ഫോഡിനെ ഏല്പിച്ചു. 20 കോടിയോളം രൂപയുടേതായിരുന്നു എസ്റ്റിമേറ്റ്.
വഴിയുടെ വീതി പലയിടത്തും 3 മീറ്ററേ ഉള്ളൂവെന്ന് സ്ഥലം വാങ്ങിയ ശേഷമാണ് കണ്ടെത്തുന്നത്. 5 മീറ്റര്‍ വീതിയില്ലെങ്കില്‍ ഫ്ലാറ്റ് നിര്‍മിക്കാനാകില്ല. തുടര്‍ന്നു വഴിക്കുവേണ്ടി സ്ഥലം വാങ്ങി. പെട്ടെന്നാണ് നിര്‍മാണത്തിന് റെഡ് ക്രസന്റ് വരുന്നതും കോസ്റ്റ്ഫോഡ് പുറത്താകുന്നതും. ലൈഫ് മിഷന് പുതിയ എസ്റ്റിമേറ്റും പ്ലാനും തയാറാക്കുകയും അതു വടക്കാഞ്ചേരി നഗരസഭയില്‍ കൊടുത്തു പെര്‍മിറ്റ് എടുക്കുകയും ചെയ്തു. സിഇഒയുടെ പേരിലാണു പെര്‍മിറ്റ്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനായിരുന്നെങ്കിലും നിര്‍മാണത്തിനായി കൈവശാവകാശം വടക്കാഞ്ചേരി നഗരസഭയ്ക്കു കൈമാറിയിരുന്നു.
സ്വകാര്യ ഏജന്‍സിയായ യൂണിടാകിന് ഈ പ്ലാനാണ് കൈമാറിയത്. ഇങ്ങനെ പ്ലാന്‍ കൈമാറാന്‍ നിയമം അനുവദിക്കുന്നില്ല. ലൈഫ് മിഷന്റെ പേരിലുള്ള കെട്ടിടം നിര്മിക്കാനാവുന്നത് ലൈഫ് മിഷന് അംഗീകരിച്ച ഏജന്‍സികള്‍ക്ക് മാത്രമാണ്. യുണിടാകിന് അത്തരം അംഗീകാരമില്ല. സ്ഥലത്തിന്റെ കൈവശക്കാരായ നഗരസഭയെ നിര്‍മാണത്തിലെ പുതിയ കരാറിനെക്കുറിച്ച് അറിയിച്ചിട്ടില്ല. ബന്ധപ്പെട്ട ഒരു രേഖയും വടക്കാഞ്ചേരി നഗരസഭയിലില്ല. അവിടെയുള്ള രേഖപ്രകാരം കെട്ടിടം നിര്‍മിക്കുന്നത് ലൈഫ് മിഷനാണ്.
നഗരസഭയുടെ സ്ഥലത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പരിശോധന നടത്തേണ്ടത് അവരുടെ എന്‍ജിനീയറിങ് വിഭാഗമാണ്. ലൈഫ് മിഷന്റെ നിര്‍മാണ വിഭാഗവും ഇതു പരിശോധിക്കണം. നഗരസഭ ഭരിക്കുന്നത് സിപിഎം ആണ്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ലഭിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ കമ്മിഷന് നല്കിയെന്നു കരുതുന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രേഖപ്പെടുത്തി. കേസിലെ പ്രതിയായ സന്ദീപ് നായര്‍ വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്തോഷ് മൊഴി നല്കി. തിരുവനന്തപുരം സ്വദേശി യദുവാണ് സന്തോഷിനെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയത്. യദുവിന്റെ മൊഴി രേഖപ്പെടുത്തും.
സന്തോഷ് ഈപ്പന് ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞത് വീടു നിര്‍മാണ കരാര്‍ സന്ദീപ് വഴിയാണ് ലഭിച്ചതെന്നാണ്. കരാറിന്റെ ആവശ്യത്തിനു സ്വപ്നയെയും സന്ദീപിനെയും കണ്ടു ചര്‍ച്ച നടത്തിയിട്ടുണ്ട്. കരാര്‍ ലഭിക്കാന്‍ സ്വപ്ന കമ്മിഷന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടില്ല. സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടിയോളം രൂപ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇത്, ലൈഫ് മിഷന് കരാറില്‍ നിന്നുള്ള കമ്മിഷന് തുകയാണെന്നാണ് സ്വപ്നയുടെ മൊഴി.
കസ്റ്റംസ് കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റവിചാരണ കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കി, ഇന്നു വിധി പറയും. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവരും ലോക്കറില്‍ കണ്ടെത്തിയ രൂപയുടെ ഉറവിടം അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























