ശ്രീപത്മനാഭസ്വാമി ക്ഷേത്രം: മൂലം തിരുനാള്‍ രാമവര്‍മ നല്കിയ സത്യവാങ്മൂലം കോടതി ഇന്നു പരിഗണിക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് വി.രതീശന് സുപ്രീം കോടതിയില്‍ അപേക്ഷ നല്കി.ക്ഷേത്ര നടത്തിപ്പിന് ഭരണസമിതി രൂപീകരിക്കാന്‍ വിധിച്ച സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്. ഈ അപേക്ഷയും ക്ഷേത്രഭരണം സംബന്ധിച്ച് വിധിയില്‍ നിര്‍ദേശിച്ചപ്രകാരമുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് മൂലം തിരുനാള്‍ രാമവര്‍മ നല്കിയ സത്യവാങ്മൂലവും കോടതി ഇന്നു പരിഗണിക്കും.
ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായുള്ള നടപടികളുടെ പേരില്‍ ചില നിക്ഷിപ്ത താല്പര്യക്കാര് തനിക്കെതിരെ വ്യാജപരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ അനുമതിയില്ലാതെ നിയമനടപടികള്‍ പറ്റില്ലെന്ന് വ്യക്തമാക്കണമെന്നും രതീശന്റെ അപേക്ഷയില്‍ പറയുന്നു. രതീശനെ 2017 മേയ് 9-നാണ് എക്സിക്യൂട്ടീവ് ഓഫിസറായി കോടതി നിയമിച്ചത്.
കഴിഞ്ഞ മാസം 13-ന്റെ വിധിയില്‍ ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനം തിരുവനന്തപുരം ജില്ലാ ജഡ്ജിക്കായിരിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍, ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍, ഹിന്ദുവായ ഏറ്റവും മുതിര്‍ന്ന അഡിഷനല്‍ ജില്ലാ ജഡ്ജിക്കാവണം അധ്യക്ഷസ്ഥാനമെന്നു വ്യക്തമാക്കണമെന്ന് രാമവര്‍മയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഉപദേശക സമിതി അധ്യക്ഷനായി മുന്‍ ഹൈക്കോടതി ജഡ്ജി വരണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ക്ഷേത്ര പാരമ്പര്യങ്ങള്‍ അറിയുന്ന വ്യക്തിയെന്ന് ഉറപ്പാക്കാനെന്നോണം, കേരള ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ നിര്‍ദേശിക്കുകയെന്നതാണ് സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിട്ടുള്ള മറ്റൊരു ആവശ്യം. ഭരണ, ഉപദേശക സമിതി രൂപീകരണ നടപടികളെക്കുറിച്ച് 4 ആഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാന് വിധിയില്‍ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























