മൈതാനത്തെ മാലിന്യം നീക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാലിന്യം ചാക്കുകളില്‍ കെട്ടി പഞ്ചായത്ത് ഓഫിസില്‍ തള്ളി

മലപ്പുറം കരുവാരകുണ്ട് പഞ്ചായത്ത് ഓഫിസ് പരിസരത്തെ അജൈവ മാലിന്യം 2 ആഴ്ച മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലിയുടെ നിര്‍ദേശ പ്രകാരം പുന്നക്കാട് മൈതാനത്തിന്റെ അരികില്‍ കുഴിച്ചിടാന്‍ എത്തിച്ചിരുന്നു. അന്ന് മാലിന്യം കളിസഥലത്ത് കുഴിച്ചിടുന്നത് ഒരു വിഭാഗം ആളുകള്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. ചാക്കുകളില്‍ കെട്ടിയ മാലിന്യം ദിവസങ്ങളായി മൈതാനത്ത് കിടക്കുകയായിരുന്നു. മാലിന്യം ഇവിടെനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വ വൈകിട്ടോടെ മാലിന്യം നീക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെത്തുടര്‍ന്ന് ഡിവൈഎഫ് പ്രവര്‍ത്തകര്‍ ചാക്കുകളില്‍ കെട്ടി മാലിന്യം പഞ്ചായത്ത് ഓഫിസില്‍ തള്ളി. ഇന്നലെ രാവിലെ 11-ന് ആണ് പത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗുഡ്‌സ് ഓട്ടോയില്‍ കൊണ്ടുവന്ന മാലിന്യം ഓഫിസ് മുറിയിലേക്ക് കയറുന്ന വരാന്തയില്‍ തള്ളിയത്. മഴ കാരണമാണ് പറഞ്ഞ സമയത്ത് മാലിന്യം നീക്കാന്‍ കഴിയാതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി അറിയിച്ചു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു. മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ആദ്യം പഞ്ചായത്ത് സെക്രട്ടറിക്കു കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യനിര്‍വഹണത്തിന് തടസ്സം നേരിട്ടതായി കാണിച്ച് സെക്രട്ടറി കരുവാരകുണ്ട് പൊലീസില്‍ പരാതി നല്‍കി.
പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കുന്ന വഴിയില്‍, പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മുറിയുടെ മുന്‍പിലാണ് ചാക്കുകളില്‍ മാലിന്യം കിടക്കുന്നത്. പഞ്ചായത്ത് ഓഫിസ് വരാന്തയിലും കവാടത്തിലും മുറ്റത്തും ചാക്കുകളില്‍ കിടക്കുന്ന മാലിന്യം വൈകിട്ടുവരെയും നീക്കിയില്ല. മാലിന്യം നീക്കാന്‍ നടപടിയെടുക്കേണ്ടത് പൊലീസും ആരോഗ്യ വകുപ്പുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി പറഞ്ഞു.
https://www.facebook.com/Malayalivartha
























