വയനാട് ജില്ലയില്‍ എലിപ്പനി പടരുന്നു; 12 ദിവസത്തിനിടെ രോഗബാധിതരായത് 21 പേര്

വയനാട് ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 12 ദിവസങ്ങള്‍ക്കിടെ 21 പേര് രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, മേപ്പാടി, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി, അമ്പലവയല്‍, പുല്പള്ളി എന്നിവിടങ്ങളിലും കല്പറ്റ സിവില്‍ സ്റ്റേഷനിലും 13, 20, 27, സെപ്റ്റംബര്‍ 3 എന്നീ വ്യാഴാഴ്ചകളില്‍ ഡോക്സി സൈക്ളിന്‍ കിയോസ്ക്കുകള്‍ ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. രോഗം ബാധിച്ച് ജില്ലയില്‍ ഒരു മരണവും ഉണ്ടായി.
കിയോസ്ക്കുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ഓരോ ഡോസ് ഡോക്സി സൈക്ലിന്‍ ഗുളിക നല്‍കുകയും എലിപ്പനി തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെയും പരിധിയില്‍ ഡോക്സി യാനം എന്ന പേരില്‍ വാഹന പ്രചാരണ ജാഥ നടത്തി പൊതുജനങ്ങള്‍ക്ക് ഡോക്സി സൈക്ലിന്‍ ഗുളിക വിതരണം ചെയ്യും.
എലിപ്പനി ബാധിത പ്രദേശങ്ങളിലുളളവര്‍ പനി, ശരീര വേദന, തലവേദന, പേശീവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടണം. കണ്ണില്‍ ചുവപ്പ് നിറമുണ്ടാകുന്നതും, മൂത്രത്തിന്റെ അളവ് കുറയുന്നതും എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്.
തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാം. എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
ഈ വര്‍ഷം ഇന്നലെ വരെ 98 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 176 പേര് രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. രോഗം ബാധിച്ച് 3 പേരും രോഗലക്ഷണങ്ങളോടെ 4 പേരും ഇക്കാലയളവില്‍ മരിച്ചു.
https://www.facebook.com/Malayalivartha
























