കേരള സർക്കാർ കോവിഡ് മരണ കണക്കുകൾ മറച്ചു വയ്ക്കുന്നു? സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ ഇങ്ങനെ; 102 മരണങ്ങൾ ഒഴിവാക്കിയോ ?

കേരള സർക്കാർ കോവിഡ് മരണ കണക്കുകൾ മറച്ചു വയ്ക്കുന്നു എന്ന ആരോപണം തുടക്കം മുതൽ തന്നെ ഉയർന്ന് കേട്ടിരുന്നു.കേരളത്തിലെ കോവിഡ് കണക്കുളിൽ പിശകുകൾ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ കോവിഡ് മരണങ്ങൾ കുറച്ചു പറയുന്നു എന്ന ആരോപണത്തിന് കഴമ്പുണ്ടെന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി . സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം കേരളത്തിൽ ഇതുവരെ കോവിഡ് മരണം 126 ആണ്. എന്നാൽ ജില്ലകളിൽനിന്നുള്ള കണക്കുപ്രകാരം 228 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നത് . ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ച പലരെയും മരണപ്പട്ടികയിൽ നിന്നു സർക്കാർ ഒഴിവാക്കുന്നു. ഇതിനെതിരെ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതി നിലപാട് എടുക്കുകയാണ് ചെയ്യുന്നത്. . തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങൾ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ ശ്രമം നടത്തുന്നു എന്ന കാര്യത്തിലും ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിനെ വ്യാജ പ്രചരണമെന്ന തരത്തിലാണ് സർക്കാർ പറഞ്ഞത് . എന്നാൽ വിദഗ്ധ സമിതി പറയുന്നത് അനുസരിച്ച് കണക്കിൽപ്പെടാതെ 102 മരണം കേരളത്തിൽ സംഭവിച്ചുവെന്നാണ് കരുതുന്നത്.
മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ കോവിഡിലെ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശമാണു പാലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ വിശദീകരണം . ഇതിലേക്കാണ് വിദഗ്ധ സമിതി സംശയങ്ങളുമായി എത്തുന്നത്. കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടിവരുന്ന സമയത്ത് കൃത്യമായ കാരണങ്ങൾ പറയാതെ മാനദണ്ഡങ്ങൾ മാറ്റുന്നതും പൊതു, ശാസ്ത്ര സമൂഹങ്ങളിൽ സംശയമുണ്ടാക്കുന്ന പ്രവർത്തിയാണ് . ഔദ്യോഗിക വിവരങ്ങളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുമെന്ന് വിദഗ്ധ സമിതി വിലയിരുത്തുകയാണ് ചെയ്യുന്നത്.
കോവിഡ് ബാധിച്ചു മരിക്കുന്നവർക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്യുന്നത് . എന്നാൽ കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധിക്കാനും തീരുമാനിമായി . കോവിഡ് ബാധിച്ച് മൂന്നും നാലും ആഴ്ച കഴിഞ്ഞാണു മരണമെങ്കിൽ പരിശോധനയിൽ നെഗറ്റീവാകാൻ ഇടയുണ്ട്. ഇങ്ങനെയുള്ളവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു . ഈ രീതിയാണ് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം നടപടികൾ തിരുത്തണമെന്ന ആവശ്യം ഉയരുന്നു . ശാസ്ത്രീയമായ മാർഗരേഖ തയാറാക്കണമെന്നാണ് നിർദേശം. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡ് ആണെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിർദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 20 മുതലാണു സർക്കാർ മാനദണ്ഡങ്ങൾ മാറ്റി തുടങ്ങിയത്.
തിരുവനന്തപുരത്തെ കോവിഡ് ക്ലസ്റ്ററുകളെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ ജൂലൈ 31 വരെയുള്ള മരണം 34 ആണ്. എന്നാൽ സർക്കാർ കണക്കിൽ 22 മാത്രമാണുള്ളത്. ഇങ്ങനെ മരിച്ച 24 പേരുടെ സംസ്‌കാരം തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടത്തിൽ മാത്രം നടത്തി . ഇതിൽ 6 എണ്ണമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
കോവിഡ് മരണങ്ങൾ തീരുമാനിക്കുന്നതു ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശപ്രകാരമാണെന്ന സർക്കാരിന്റെ വിശദീകരണം ശരിയല്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി . മറ്റു രോഗങ്ങളുള്ളവർ കോവിഡ് ബാധിച്ചു മരിച്ചാൽ അതു കോവിഡ് കണക്കിൽപ്പെടുത്തേണ്ടെന്നു ലോകാരോഗ്യ സംഘടനയോ കേന്ദ്ര ആരോഗ്യ വകുപ്പോ പറഞ്ഞിട്ടില്ലെന്നും അത്തരം നടപടികൾ അശാസ്ത്രീയമാണെന്നും അവർ പറയുന്നു . മുൻപേയുള്ള അസുഖങ്ങളുടെ കണക്കിൽ കോവിഡ് മരണങ്ങൾ ഉൾപ്പെടുത്തരുതെന്നു ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ചവരുടേത് അപകടമരണമോ ആത്മഹത്യയോ അല്ലെങ്കിൽ കോവിഡ് മൂലമുള്ളതായി കണക്കാക്കണം എന്നു തന്നെയാണു ലോകാരോഗ്യ സംഘടന പറയുന്നത്.
https://www.facebook.com/Malayalivartha
























