രമേശ് നേതൃത്വത്തിലെത്തുന്നതില്‍ മുഖ്യമന്ത്രിക്ക് അസഹിഷ്‌ണുത; രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വീണ്ടും രംഗത്ത്. രമേശ് ചെന്നിത്തലയെ ഭരണ നേതൃത്വത്തിലെടുക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അസഹിഷ്‌ണുതയാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. എന്‍.എസ്.എസിന്റെ 99ാം ബജറ്റ് സമ്മേളനത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം. കരുതലും വികസനവുമാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. ഉമ്മന്‍ ചാണ്ടിക്ക് അധികാരം നഷ്ടപ്പെടാതിരിക്കാനുള്ള കരുതല്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
മുന്‍ ധാരണപ്രകാരം അധികാരത്തിലേറിയ കോണ്‍ഗ്രസ് എന്‍.എസ്.എസിനെ അപമാനിച്ചു. ഇതില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഒരേ പങ്കാണ് ഉള്ളത്. എന്‍.എസ്.എസുമായി ധാരണയില്ലെന്നു പറയുന്നത് രാഷ്ട്രീയ നാടകമാണ്. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയത ചര്‍ച്ചാ വിഷയമാക്കിയതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിക്കു മാത്രമാണ്. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാകാതിരിക്കാന്‍ വേണ്ടി ചില യാഥാര്‍ത്ഥ്യങ്ങള്‍ എന്‍.എസ്.എസ് വെട്ടിത്തുറന്നു പറഞ്ഞു. ഇത് തെറ്റായി വ്യാഖ്യാനിച്ച് സമൂഹമധ്യത്തില്‍ താറടിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സത്യം തുറന്നു പറയുമ്പോള്‍ വര്‍ഗീയവാദികളും ഭീകരവാദികളായും കാണുന്നു. ഇനി `സമുദായ സംഘടന' സമുദായത്തിന്റെ കാര്യം മാത്രം ശ്രദ്ധിച്ചോളാം. എന്‍.എസ്.എസിന്റെ നിലപാടുകളുടെ വില വൈകാതെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗണേഷ് കുമാര്‍ വിഷയത്തില്‍ വെടക്കാക്കി തനിക്കാക്കുക എന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആരോപിച്ചു. ചന്ദ്രിക ദിനപത്രത്തിനെതിരേയുള്ള മാനനഷ്ട കേസില്‍നിന്ന് പിന്നോട്ടില്ലെന്ന് നേരത്തേ എന്‍.എസ്.എസ് പ്രമേയം അവതരിപ്പിച്ചിരുന്നു. വക്കീല്‍ നോട്ടീസിനു ലഭിച്ച മറുപടി തൃപ്‌തികരല്ല. അതുകൊണ്ടുതന്നെ കേസുമായി മുന്നോട്ടു പോകുമെന്നും പ്രമേയത്തില്‍ പറയുന്നു.
അതേസമയം എന്‍.എസ്.എസ് പ്രതിനിധി സഭാംഗത്വം എം.പി.ഗോവിന്ദന്‍ നായര്‍ രാജിവെച്ചു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റാണ് അദ്ദേഹം. എന്‍.എസ്.എസ് ആവശ്യപ്പെട്ടതു പ്രകാരമാണ് ഗോവിന്ദന്‍ നായര്‍ സ്ഥാനം ഒഴിഞ്ഞത്.
https://www.facebook.com/Malayalivartha


























