പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറി ! സാമ്പ്രാണിത്തിരി കത്തിച്ചാലും ലോകത്തുള്ള തൈലങ്ങള്‍ എല്ലാം ശേഖരിച്ച് പുരട്ടിയാലും അതിന് സുഗന്ധമുണ്ടാകില്ല; സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പ്രാണിത്തിരി കത്തിച്ചുവെച്ചാല്‍ സുഗന്ധം വരില്ല, ലോകത്തുള്ള തൈലങ്ങള്‍ എല്ലാം ശേഖരിച്ച് പുരട്ടിയാലും അതിന് സുഗന്ധമുണ്ടാകില്ലെന്നും അത്രമാത്രം ചീഞ്ഞുനാറിയ കഥകളാണ് പുറത്തുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ചെന്നിത്തല പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രാസംഘത്തില്‍ സ്വപ്ന ഉള്‍പ്പെട്ടത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. 2017 മുതല്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടക്കുന്നു. എന്തുകൊണ്ട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തെ കൊള്ളസംഘം ഫലപ്രദമായി ചൂഷണം ചെയ്തു. ഏത് പശ്ചാത്തലത്തിലാണ് സ്വപ്‌ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടത്. എത്രമാത്രം മാത്രം ഗൗരവമുള്ളതാണ് സ്വര്‍ണക്കടത്തെന്ന് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വസ്തുകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. രാജ്യാന്തര ബന്ധമുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഇത്തരം ഒരു കേസിന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് മാത്രമേ ഉത്തരവാദിത്തമുള്ളു എന്നാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്നാണ് ഇ.ഡി. പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ആരെല്ലാമുണ്ടെന്ന വസ്തുതയാണ് ഇനി പുറത്തു വരേണ്ടത്.
ധാരണാപത്രം മറച്ചുവയ്ക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. സ്വര്‍ണക്കള്ളക്കടത്തില്‍ മാത്രമല്ല, സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിലും സ്വപ്‌നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ ഒരു വിശദീകരണം നല്‍കിയിട്ടില്ല. ലൈഫ് പദ്ധതിയുമായി ഇവര്‍ക്കുള്ള ബന്ധമെന്താണെന്ന് ചോദിച്ച ചെന്നിത്തല ഇതിന്റെ കമ്മീഷന്‍ എവിടെപ്പോയി എന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായി ഉണ്ടാക്കിയ എം.ഒ.യുവിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. എന്തുകൊണ്ടാണ് ഇത് മറച്ചുവെയ്ക്കുന്നത്? ഒരു പൊതുചടങ്ങില്‍ ഒപ്പിട്ട എം.ഒ.യു. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ട് തരാന്‍ മടിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് സുരക്ഷാപരിശോധന നടത്തണം. വിദേശഫണ്ട് വിവരങ്ങള്‍ പുറത്തുവിടണം. വിദേശപര്യടനങ്ങള്‍ വഴി ലഭിച്ചെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട പദ്ധതികള്‍ എന്തായെന്നും ചെന്നിത്തല ചോദ്യമുയര്‍ത്തി. നിക്ഷേപങ്ങളുടെ വിവരങ്ങളും അവ വന്നവഴിയും വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണം. ഫയലുകള്‍ നശിപ്പിച്ചോ എന്ന് പരിശോധിക്കണം. നയതന്ത്രബാഗേജ് സംബന്ധിച്ച ഫയലുകള്‍ നശിപ്പിച്ചോ എന്ന് സംശയമുണ്ട്. മുന്‍പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യംചെയ്യണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മതഗ്രന്ഥങ്ങള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ എങ്ങനെ റിലീസ് ചെയ്തെന്ന് കെ.ടി.ജലീലും പറയണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























