കൊയിലാണ്ടിക്കാരുടെ ആ ദൈവത്തിന്റെ കൈ; രോഗമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ആദ്യം വിളിക്കുക അഷ്‌റഫിനെ, ഇനി ആ വിളി കേള്‍ക്കാന്‍ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ അഷ്‌റഫ് ഇല്ല! ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് അഷ്‌റഫ് മരിച്ചു, കൈമെയ് മറന്ന് സഹായിച്ച ആ യുവാവ് വഴിയിൽ കിടന്നത് മണിക്കൂറുകൾ, പിന്നെ സംഭവിച്ചത്

കൊയിലാണ്ടി കാപ്പാട് അറബിത്താഴയില്‍ 48 കാരനായ എ.ടി. അഷ്‌റഫ് എന്നൊരു മനുഷ്യനുണ്ട്. ഈ കൊവിഡ് കാലത്ത് നമുക്ക് എന്തെങ്കിലും രോഗമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ആദ്യം നാം വിളിക്കുക ദൈവത്തെയായിരിക്കും. പക്ഷേ കൊയിലാണ്ടിക്കാര്‍ ആദ്യം വിളിക്കുക അഷ്‌റഫിനെ ആണ്. ഇത്രയും പരസഹായിയും മനുഷ്യത്വമുള്ള ചുരുക്കം ചില മനുഷ്യരേ ഭൂമിയില്‍ ഉണ്ടാകൂ. പക്ഷേ ഇനി ആ വിളി കേള്‍ക്കാന്‍ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ അഷ്‌റഫ് ഇല്ല. ഈ ഒരു യാഥാര്‍ത്യം വിശ്വസിക്കാന്‍ ചിലപ്പോള്‍ കൊയിലാണ്ടിക്കാര്‍ക്ക് ആയി എന്നുവരില്ല, എങ്കിലും അതാണ് സത്യം, അഷ്‌റഫിനെപോലുള്ളവരോട് കരുണ കാണിക്കുന്നതില്‍ ദൈവവും ചിലപ്പോള്‍ പിശുക്ക് കാണിക്കും.
നല്ലവരായവര്‍ തന്റെ അരികില്‍ വേണമെന്ന ദൈവത്തിന്റെ നിര്‍ബന്ധമായിരിക്കാം അതിന് കാരണം. അതുകൊണ്ടാവണം അഷ്‌റഫിന്റെ മരണം ഇങ്ങനെ ആയിപ്പോയത്. ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണായിരുന്നു അഷ്‌റഫിന്റെ മരണം. നടപ്പാതയില്‍ തളര്‍ന്നുകിടന്ന അദ്ദേഹത്തെ കോവിഡ് ഭീതികാരണം ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായിരുന്നില്ല. കരിപ്പൂരില്‍ വിമാനാപകടം നടന്നപ്പോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും രക്ഷാ പ്രവര്‍ത്തനം നടത്തിയ സു മനസ്സുകള്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ എന്തുകണ്ടാലും പ്രതികരിക്കാത്ത സഹാനുഭുതിയില്ലാത്ത ചിലരും ഉണ്ട് എന്നുള്ള യാഥാര്‍ത്യം കൂടി അഷ്‌റഫിന്റെ മരണം നമുക്ക് കാട്ടിത്തരുന്നുണ്ട്. നടു റോഡില്‍ കുഴഞ്ഞുകിടന്ന അഷ്‌റഫിനെ സുഹൃത്തുക്കളും പരിചയക്കാരും എത്തുന്നതുവരെ നമ്മുടെ കേരളം തിരിഞ്ഞു നോക്കിയില്ല എന്നുള്ളതും ഒരു ഞെട്ടിക്കുന്ന സത്യമാണ്. പരിചയക്കാര്‍ ചേര്‍ന്ന് അഷ്‌റഫിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആര്‍ക്കെങ്കിലും മരുന്ന് ആവശ്യമുണ്ടെങ്കില്‍ കാപ്പാട്ടെ അഷ്‌റഫിനെ അറിയിച്ചാല്‍ മാത്രം മതി, അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഹാം റേഡിയോയിലേക്ക് ഒരു ചെറുസന്ദേശം. പിന്നെ അധികം വൈകില്ല, മരുന്ന് ആവശ്യക്കാരന്റെ കൈയിലെത്തിയിരിക്കും. ഇങ്ങനെ സ്വയംമറന്ന് ഓടിനടന്ന് മുന്‍ പരിചയമില്ലാത്ത ഇതിനു മുമ്പ് കണ്ടിട്ടുകൂടി ഇല്ലാത്തവര്‍ക്കും കരുതലേകിയ അഷ്‌റഫ് ഇനിയില്ല, ആ സഹായം തേടിയുള്ള വിളികള്‍ ഇലപ്പോള്‍ ഇനിയും ഉണ്ടായേക്കാം സന്ദേശങ്ങള്‍ വന്നേക്കാം പക്ഷേ അത് കാണാനും കേള്‍ക്കാനും അഷ്‌റഫ് ഉണ്ടാകില്ലെന്ന് മാത്രം.
ബൈക്കില്‍ ഘടിപ്പിച്ച ഹാം റേഡിയോയുമായുള്ള ആരെയോ സഹായിക്കാനുള്ള യാത്രയ്ക്കിടെയാണ് തിങ്കളാഴ്ച സരോവരത്തിനു സമീപത്തുവച്ച് അഷ്‌റഫിനെ ദൈവം വിളിക്കുന്നത്. സന്നദ്ധപ്രവര്‍ത്തനവും ഹാം റേഡിയോ ഓപ്പറേറ്റിങ്മാണ് എ.ടി. അഷ്‌റഫിന്റെ ലോകം. അഗ്‌നിരക്ഷാസേനയുടെ കീഴിലുള്ള കേരള സിവില്‍ ഡിഫന്‍സ് കോര്‍പ്‌സിന്റെ കോഴിക്കോട് റീജ്യണല്‍ ചീഫ് വാര്‍ഡനും റെഡ്‌ക്രോസ് പ്രവര്‍ത്തകനും കൂടിയായിരുന്നു അദേഹം. കോഴിക്കോടിന്റെയും വയനാടിന്റെയും ചുമതല അഷ്‌റഫിനായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും മറ്റ് സേവനപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് നിരവധിപേര്‍ക്ക് മരുന്നെത്തിക്കാനും പ്രളയ-പ്രകൃതിദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍നിരയിലും അഷ്‌റഫ് കാണുമായിരുന്നു.
2019 ഡിസംബര്‍ മുതല്‍ സിവില്‍ ഡിഫന്‍സിന്റെ ഭാഗമാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊയിലാണ്ടി അഗ്‌നിരക്ഷാസേനയ്ക്ക് കീഴിലായിരുന്നു പ്രവര്‍ത്തമേഖല. ലോക്ഡൗണ്‍ കാലത്ത് അഗ്‌നിരക്ഷാസേനയിലേക്ക് മരുന്നിന്റെ ആവശ്യങ്ങളുമായി ഒരുപാട് വിളികള്‍ വന്നിരുന്നു. അതിന്റെയെല്ലാം പട്ടിക ഉദ്യോഗസ്ഥര്‍ അഷ്‌റഫിന് നല്‍കുകയാണ് പതിവ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ''ഏതു സമയത്തും വിളിച്ചാലും വിളിപ്പുറത്ത് അഷ്‌റഫുണ്ടാകും. യാതൊരു പ്രതിഫലവും മോഹിക്കാതെ. മാത്രമല്ല താന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ആരോടും പറയുകയുമില്ല.'' എന്നാണ് -കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍ അഷ്‌റഫിനെ കുറിച്ച് പറഞ്ഞത്.
സരോവരത്തിനു സമീപം നടപ്പാതയില്‍ തളര്‍ന്നുകിടക്കുകയായിരുന്ന അഷറ്ഫിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അര മണിക്കൂറോളം അഷ്‌റഫ് അവിടെ കിടന്നതായുമാണ് വിവരം ലഭിക്കുന്നത്. പരിചയക്കാര്‍ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചതായും അറിയാന്‍ കഴിയുന്നു. കൊവിഡിനെ പേടിച്ചാണ് അഷ്‌റഫിനെ ആരും സഹായിക്കാത്തത് പക്ഷേ അഷ്‌റഫിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു എന്നുള്ളതാണ് മറ്റൊരു വസ്തുത.
https://www.facebook.com/Malayalivartha


























