കോവിഡ് ഭീതിയ്ക്കിടയിലും മോഷണം; കോഴിക്കോട്ട് ഒരു ദിവസം കൊണ്ട് അഞ്ച് കടകളിൽ മോഷണ ശ്രമം

കോഴിക്കോട് ഫറോക്കിലെ അഞ്ച് കടകളിൽ മോഷണം. വ്യാഴാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം കടയുടമകൾ അറിയുന്നത്. റെയിൽവേ സ്റ്റേഷനു സമീപത്തെ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള എൻ.എസ്. ചിക്കൻ സ്റ്റാളിന്റെ പൂട്ട് തകർത്ത് മേശയിൽ സൂക്ഷിച്ച മൂവായിരം രൂപ, സ്കൂളിനു സമീപത്തെ ഡോൾഫിൻ ബുക്സ്റ്റാളിന്റെ ഷട്ടർ തകർത്ത് ബുക്സ്റ്റാളിലെ 1500 രൂപ എന്നിവ മോഷ്ടിച്ചു.
ഫറോക്കിലെ താഴെ സ്കൂൾ റോഡിലെ ഹുസൈന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിൽ കയറി സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സമീപത്തെ പറക്കോട്ട് സ്റ്റാർസ് പാത്രക്കടയുടെ ഷട്ടറിന്റെ പൂട്ട് മോഷ്ടാക്കൾ അടിച്ചുതകർത്തു. സമീപത്തെ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ധാന്യം പൊടിക്കുന്ന മില്ലിലും മോഷണം നടന്നു. ഫറോക്ക് പൊലീസെത്തി കടകൾ പരിശോധിച്ചു. കോവിഡ് ഭീഷണിയുള്ളതിനാൽ കടകൾ നേരത്തേ അടക്കുന്നതും വൈകീട്ടോടെ അങ്ങാടികൾ വിജനമാകുന്നതും മോഷ്ടാക്കൾക്ക് അനുഗ്രഹമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























