മാസപ്പടി കേസില്‍ എഫ്ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന് ബെഞ്ച് തടഞ്ഞു

പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. എഫ്ഐആറിലെ തുടര്‍നടപടികള്‍ തടഞ്ഞ ഡിവിഷന് ബെഞ്ച്, അന്വേഷണം നിര്‍ത്തിവെക്കാനും ഇടക്കാല ഉത്തരവിട്ടു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മകള്‍ ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന നടപടി. കേസ് പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാരനായ ഷാജഹാനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പിണറായിയുടെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സംസ്ഥാന വിജിലന്‍സിനും കോടതി നോട്ടീസ് അയച്ചു. ഹര്ജിയിന്മേല് നാലാഴ്ചയ്ക്കകം ഇഡിയും വിജിലന്‍സും വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതിനുശേഷം നവംബര്‍ 25 മുതല്‍ ഹര്‍ജികളില്‍ കോടതി വിശദമായ വാദം കേള്‍ക്കും.
കേസ് പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വാദിക്കാന്‍ ശ്രമിക്കരുതെന്ന് ഡിവിഷന് ബെഞ്ച് ഷാജഹാന് കര്‍ശന താക്കീത് നല്കി. സുപ്രീംകോടതി ഉത്തരവിനെതിരെ താന്‍ റിവിഷന്‍ ഹര്‍ജി നല്‍കുന്നുണ്ടെന്ന് ഷാജഹാന് കോടതിയെ അറിയിച്ചപ്പോള്‍, എങ്കില്‍ സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരൂ എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.
മാധ്യമങ്ങളും പൊതുസമൂഹവും നിങ്ങളെ പിന്തുണച്ചേക്കാമെന്നും എന്നാല്‍ അത്തരം കാര്യങ്ങള്‍ കോടതിക്ക് ബാധകമല്ലെന്നും ഡിവിഷന് ബെഞ്ച് തുറന്നടിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കോടതി ഷാജഹാനോട് മറ്റ് ചില ചോദ്യങ്ങളും ഉന്നയിച്ചു. 'നിങ്ങള്‍ ഇതില്‍ പ്രാഥമികമായി പരാതി നല്‍കിയിട്ടുണ്ടോ? ഏതൊരു കേസിലും ആദ്യം പൊലീസിനാണ് പരാതി നല്‍കേണ്ടത്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഉന്നത അധികാരിയെ സമീപിക്കണം. അതിനുശേഷമാണ് മജിസ്ട്രേറ്റിനെ സമീപിക്കേണ്ടത്. തുടര്‍ന്ന് പ്രസ്തുത പരാതി മജിസ്ട്രേറ്റ് പൊലീസിന് കൈമാറും. ഇതാണ് രാജ്യത്തെ സാധാരണ നിയമനടപടിക്രമം,' കോടതി വ്യക്തമാക്കി.
എന്നാല്‍ ഈ കേസില്‍ തനിക്ക് നേരിട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്കിയിരിക്കുന്നതെന്നുമുള്ള വാദമാണ് ഷാജഹാന് ഇതിന് മറുപടിയായി ഉന്നയിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനോട് യോജിപ്പില്ലായിരുന്നെങ്കിലും കോടതി തീരുമാനം അനുസരിച്ചാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കാരിനായി എജി കോടതിയെ ധരിപ്പിച്ചു. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പായി പ്രാഥമിക അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനായാണ് എസ്ഐടി രൂപീകരിച്ചത്. എന്നാല്‍ കോടതി മറിച്ചൊരു തീരുമാനം എടുത്തപ്പോള്‍ അതനുസരിച്ച് നീങ്ങുകയായിരുന്നു. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും എജി വാദിച്ചു.
നേരത്തെ, ഇഡിയുടെ കത്ത് മുഖവിലയ്ക്കെടുത്ത് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ച സിംഗിള്‍ ബെഞ്ച് വിധി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയനും വീണയും ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇവരുടെ ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും മുഹമ്മദ് റിയാസിനൊപ്പം സുപ്രീംകോടതിയെ സമീപിച്ചു. കേസ് വിശദമായി പരിശോധിച്ച സുപ്രീംകോടതി, സിംഗിള്‍ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും പിണറായി വിജയന്റെയും മറ്റുള്ളവരുടെയും അപ്പീല്‍ വീണ്ടും പരിശോധിച്ച് തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























