പബ്ജി മൊബൈല്‍ ഗെയിം കളിച്ചു മനോനില തെറ്റിയ അതിഥിത്തൊഴിലാളി ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു

ഉദുമ സഹകരണ ബാങ്കിനടുത്തെ ഒരു ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ഇന്നലെ രാവിലെ ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. പബ്ജി മൊബൈല്‍ ഗെയിം കളിച്ചു മനോനില തെറ്റിയ അതിഥിത്തൊഴിലാളിയായ യുവാവ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടുകയായിരുന്നു.
റോഡില്‍ കിടക്കുകയും റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്ത യുവാവ് ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു. തുടര്‍ന്നു താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി. ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരെയും ഇയാള്‍ ആക്രമിച്ചു.
ബേക്കല്‍ പൊലീസും നാട്ടുകാരും മല്‍പിടിത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്. ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മംഗളൂരുവിലേക്കും മാറ്റി. യുവാവു രാത്രി മുഴുവന്‍ ഓണ്‍ലൈനില്‍ ഗെയിം കളിക്കുമെന്ന് കൂടെ താമസിക്കുന്നവര്‍ പറഞ്ഞു.
ഈ യുവാവ് കഴിഞ്ഞ ദിവസം ഗെയിമിലെ ഒരു ചാലഞ്ച് ഏറ്റെടുത്തിരുന്നു. ഈ ചാലഞ്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബഹളം വച്ച യുവാവിനെ കൂടെ താമസിക്കുന്നവര്‍ രാത്രി ബേക്കല്‍ പൊലീസില്‍ എത്തിച്ച് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ രാവിലെ ആയപ്പോഴേക്കും അക്രമകാരിയാകുകയായിരുന്നു.
https://www.facebook.com/Malayalivartha

























