കുഞ്ഞു യൂനിന്റെ നിറ പുഞ്ചിരി; മറക്കില്ല ഈ ഓണപ്പുടവയും മലയാളവും

കുഞ്ഞു യൂനിൻ അത്തം നാളില്‍ തനിക്ക് ലഭിച്ച ആ ഓണപ്പുടവ ഒരിക്കലും മറക്കില്ല. മലയാളികളുടെ സ്നേഹവും, കരുതലും ഏറ്റുവാങ്ങിയതിന്‍റെ ഓര്‍മകൾ അവൾക്ക് ആ പുടവയിൽ നിന്നും ലഭിക്കും.
മാലദ്വീപ് സ്വദേശികളായ മുഹമ്മദ് യുനാന്‍റെയും ഫാത്ത്മത്ത് റിഹ്ലയുടെയും എട്ടു മാസം മാത്രം പ്രായമുള്ള യൂന്‍ മുഹമ്മദ് യൂനാന്‍ എന്ന പെണ്‍കുഞ്ഞാണ് സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ലിസി ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഓണപ്പുടവ നല്‍കിയും കേക്ക് മുറിച്ചും സന്തോഷം പങ്കുവെച്ചാണ് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ യാത്രയാക്കിയത്.
കുട്ടിയുടെ ഹൃദയത്തിലെ ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന കുഴലുകള്‍ പരസ്പരം മാറിയ നിലയിലായിരുന്നു. തന്മൂലം ശ്വാസതടസ്സം ഉണ്ടാകുകയും ശരീരത്തില്‍ നീലനിറം പ്രത്യക്ഷപ്പെടുകയും ചെയ്തു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാലദ്വീപ് ഗവണ്മെന്റ് പ്രത്യേക താത്പര്യമെടുത്താണ് കുഞ്ഞിന്റെ യാത്രയ്ക്കും ചികിത്സയ്ക്കും വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. കുട്ടിയുടെ ചികിത്സാ ചെലവും പൂര്‍ണമായി മാലദ്വീപ് സര്‍ക്കാര്‍ ഏറ്റെടുത്തു.
ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ വിദഗ്‌ധനായ ഡോ. ജി. എസ്. സുനിലിന്‍റെ നേതൃത്വത്തില്‍ എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസ്, ഡോ. ജസണ്‍ ഹെന്‍ട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അന്നു ജോസ്, ഡോ. ദിവ്യ ജേക്കബ് എന്നിവര്‍ ശസ്ത്രക്രിയയിലും, തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.
അസി ഡയറക്‌ട്ര്‍മാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട്, എന്നിവരും കുഞ്ഞിനെ യാത്രയാക്കാന്‍ എത്തിയിരുന്നു. മുഹമ്മദ് യുനാന്‍ മാലദ്വീപിലെ അറിയപ്പെടുന്ന അഭിനേതാവും റിഹ്ല ചാനല്‍ പ്രൊഡ്യൂസറും സംവിധായികയുമാണ്.
https://www.facebook.com/Malayalivartha

























