ഒപ്പമുള്ള സഹോദരിയെ പോലും അറിയിക്കാതെ, അവിവാഹിതയായ ബാങ്ക് ജീവനക്കാരി വനിതാ ഹോസ്റ്റലിൽ പ്രസവിച്ചു

അവിവാഹിതയായ ബാങ്ക് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച നവജാത ശിശു മരിച്ച നിലയിൽ. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. നഗരത്തിൽ തന്നെയുള്ള വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയാണ് ഹോസ്റ്റൽ മുറിയിൽ പ്രസവിച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവമുണ്ടായത്. പ്രസവത്തിനു മുൻപ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു. സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി ആൺകുഞ്ഞിനു ജന്മം നൽകിയതായി കണ്ടത്. ഇതിനു പിന്നാലെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. എന്നാൽ പ്രസവിക്കുമ്പോൾ തന്നെ മരിച്ച നിലയിലായിരുന്നു കുട്ടിയെന്നാണ് യുവതി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.
കട്ടപ്പന നഗരത്തിലെ ഒരു ബാങ്കിലെ ജീവനക്കാരിയാണ് യുവതി. സംഭവത്തിൽ കേസെടുത്ത കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും. ഇതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് വിവരം.
അതേസമയം മൂലമറ്റം സ്വദേശിയായ യുവതി താൻ ഗർഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്നവർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കുഞ്ഞിനെ ഇല്ലാതാക്കാനായി അബോർഷനായി ശ്രമിച്ചിരുന്നതായും വൈകിപോയതിനാൽ ഇതിനു സാധിച്ചില്ലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ഹോസ്റ്റൽ മുറിയിൽ പ്രസവ വേദനയുണ്ടായ യുവതി ഇവിടെ തന്നെ പ്രസവിക്കുകയായിരുന്നു.
ഹോസ്റ്റൽ അധികൃതർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. യുവതിയുമായി ബന്ധപ്പെട്ട വിവരങ്ങളും കട്ടപ്പന പൊലീസ് ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha

























