ഞെട്ടാന്‍ വരട്ടെ... സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സിപിഐ ദിനപത്രം ജനയുഗം; സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ട സ്വപ്ന സുരേഷും സംഘവും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും അന്വേഷണത്തിന് എന്‍ഐഎ സംഘം ദുബായലെന്നും വാര്‍ത്ത; സര്‍ക്കാരിനേയും പാര്‍ട്ടിയെയും വെട്ടിലാക്കി സിപിഐ

മലയാളികള്‍ ഏറെനാള്‍ ആഘോഷിച്ചതാണ് പഴയ ചാരക്കേസ്. കെ. കരുണാകരന് ചാരക്കേസ് കാരണമാണ് മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടത്. അന്ന് കഥയിലെ നായികയായിരുന്നു മറിയം റഷീദ. വര്‍ഷങ്ങള്‍ക്ക് ശേഷം ചാരക്കേസ് കെട്ടുകഥയാണെന്ന് തെളിഞ്ഞു. അവസാനം നമ്പിനാരായണന് നഷ്ട പരിഹാരം ലഭിക്കുകയും ചെയ്തു. ഈ സ്വര്‍ണക്കടത്ത് കേസും ചാരക്കേസ് പോലെയാണന്നാണ് ഭരിക്കുന്ന പാര്‍ട്ടി കൂടിയായ സിപിഐ മുഖപത്രം പറയുന്നത്.
സ്വര്‍ണകള്ളക്കടത്തി്‌റ പുറമെ സ്വപ്നയും ശിവശങ്കറും രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് സിപിഐ മുഖപത്രം വെളിപ്പെടുത്തുന്നത്. ഇരുവരും ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തു നിരന്തരം സന്ദര്‍ശനം നടത്തിയതു ഗൂഢോദ്ദേശ്യത്തോടെയാണെന്നു ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയതായി പത്രം പറയുന്നു. ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്കു വിറ്റതായി സംശയിക്കുന്നുവെന്ന ഗുരുതര ആരോപണവും വാര്‍ത്തയിലുണ്ട്. ദേശ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിരീക്ഷണത്തിലാണ് സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇങ്ങനെയൊരു ചാരക്കേസ് ഇതുവരേയ്ക്കും പുറത്ത് വന്നിട്ടില്ല. ഭരണപക്ഷത്തിന്റെ മുഖ്യ ഘടകകക്ഷിയായ സിപിഐയുടെ പത്രം വെറുതേയെഴുതുമോ എന്നാണ് എല്ലാവരുടേയും ചോദ്യം.
സിപിഐ മുഖപത്രത്തിന്റെ വാര്‍ത്തയുടെ പൂര്‍ണ രൂപം ഇങ്ങനെ
തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്കു വിറ്റതായി സംശയം. സസ്‌പെന്‍ഷനിലുള്ള എം ശിവശങ്കറും സ്വപ്നാ സുരേഷും ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നിരന്തരം സന്ദര്‍ശനം നടത്തിയത് ഗൂഢോദ്ദേശത്തോടുകൂടിയാണെന്ന് എന്‍ഐഎ കണ്ടെത്തിയെന്ന് അറിയുന്നു.
ഇന്ത്യയുടെ സൂപ്പര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി. ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി ഇവിടെ എത്തിയിട്ടുണ്ട്. ഒരു എസ്പിയടക്കം രണ്ടംഗ എന്‍ഐഎ സംഘം സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫാരിസ് ഫൈസല്‍, റബിന്‍സ്‌റജിന്‍സ് സഹോദരന്മാര്‍, അലവി എന്നിവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ കുറേ ദിവസമായി ഇവിടെ തമ്പടിച്ചിട്ടുണ്ട്.
ബംഗളൂരുവിലെ നിരന്തര സന്ദര്‍ശനങ്ങള്‍ക്കിടെ ഇരുവരും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍ഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്കും തെളിവുകള്‍ ലഭിച്ചതെന്നറിയുന്നു.
വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകള്‍ ചോര്‍ന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എന്‍ഐഎ അന്വേഷണസംഘം ദുബൈയില്‍ എത്തിയിട്ടുള്ളത്. ഐഎസ്ആര്‍ഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബിഇഎല്‍ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നത്. ഇവിടെ ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും ദുബൈയിലെത്തിയ എന്‍ഐഎ സംഘം കൊണ്ടുവന്നിട്ടുണ്ട്.
എന്തായാലും ജനയുഗത്തിലെ ചാരക്കേസിന് തീപിടിച്ചിട്ടുണ്ട്.മലയാളത്തിലെ സകല മാധ്യമങ്ങളും ഇതേറ്റെടുത്തിട്ടുണ്ട്. ഇതില്‍ ഡോവല്‍ എന്ത് നിലപാടെടുക്കുന്നു എന്ന് ഉടനറിയാം.
"
https://www.facebook.com/Malayalivartha


























