കത്തിപ്പടരുമോ... വിവാദമായ സെക്രട്ടറിയേറ്റ് തീപിടിത്തത്തിന് ശേഷം ദേശിയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ സെക്രട്ടറിയേറ്റിന്‍ ഇന്ന് പരിശോധനയ്‌ക്കെത്തുന്നു; സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ എത്തുമ്പോള്‍ ആകാംക്ഷയോടെ കേരളം

സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക ദിനമാണിന്ന്. സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പല പ്രാവശ്യം സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങി എന്ന ശക്തമായ ആരോപണമാണ് ഉണ്ടായിരുന്നത്. ഇത് കണ്ടെത്താനായി എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വളരെ ദൈര്‍ഘ്യമേറിയ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാന്‍ കഴിയാത്തതിന്റെ സാങ്കേതിക ബുദ്ധിമുട്ട് സര്‍ക്കാര്‍ എന്‍ഐഎയെ അറിയിച്ചിരുന്നു. അതിന് പിന്നാലെ എന്‍ഐഎ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ചില രേഖകളും ചോദിച്ചിരുന്നു. എന്നാല്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിച്ചത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷം അത് കത്തിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റില്‍ എന്‍ഐഎ എത്തുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്‌ക്കെത്തുന്നത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പൊതുഭരണ വകുപ്പ് ഉന്നയിച്ചതോടെ ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാനാണ് എന്‍ഐഎയുടെ നീക്കം. നേരിട്ട് പരിശോധനയ്ക്ക് എത്തുന്ന കാര്യം അന്വേഷണ സംഘം പൊതുഭരണ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ആ അന്വേഷണമാണ് ഇന്ന് നടക്കുന്നത്.
അതേസമയം വിമാനത്താവള കളളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് പ്രാഥമികാന്വേഷണം തുടങ്ങി. മാധ്യമങ്ങള്‍ക്കടക്കം മൊഴി ചോര്‍ന്നതെങ്ങനെയെന്ന് കണ്ടെത്തണമെന്നാണ് നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാകും വിശദമായ അന്വേഷണം വേണമോയെന്ന് തീരുമാനിക്കുക. അന്വേഷണസംഘത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.
സ്വപ്ന സുരേഷിന്റെ മൊഴിയിലെ മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം ചോര്‍ന്നതില്‍ കേന്ദ്ര സര്‍ക്കാരും കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരും കടുത്ത അതൃപ്തിയിലായിരുന്നു. മൊഴിയിലെ ചില പരാമര്‍ശങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. മൊഴി ചോര്‍ന്നതെങ്ങനെയെന്ന് കണ്ടെത്തണമെന്നും നടപടി വേണെന്നും കേന്ദ്ര സര്‍ക്കാര്‍ ഉന്നത കേന്ദ്രങ്ങള്‍ കസ്റ്റംസ് പ്രിവന്റീവിനോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അസി. കമ്മീഷണര്‍ എന്‍ എസ് ദേവിനെ സ്വര്‍ണക്കളളക്കടത്ത് അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത്.
അതേസമയം വിമാനത്താവള സ്വര്‍ണ കളളക്കടത്തു കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഒരുങ്ങുകയാണ്. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ വീണ്ടും വിളിച്ചു വരുത്താനാണ് ആലോചന. ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരോട് ശിവശങ്കരനെ കാണാന്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് പരിശോധിക്കുന്നത്.
സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെ ശിവശങ്കറിന്റെ പേര് പരാമര്‍ശിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.
യുഎഇയില്‍ താന്‍ ഒരു സര്‍ക്കാര്‍ യോഗത്തിലും പങ്കെടുത്തിട്ടില്ല എന്നും ശിവശങ്കര്‍ സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്നതിന് സ്വപ്ന മറുപടിയായി പറയുന്നു. സുഖമില്ലാതെ കിടക്കുന്ന അച്ഛനെ കാണാനാണ് യുഎഇയില്‍ പോയതെന്നാണ് സ്വപ്നയുടെ വാദം. സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം വിവാഹത്തിന് ശേഷം സൂക്ഷിച്ചതല്ലെന്നും ഇഡി വ്യക്തമാക്കി.
ശിവശങ്കറും മറ്റ് വിവിഐപികളെയും കാണാന്‍ സ്വപ്ന സെക്രട്ടറിയേറ്റില്‍ വന്നിരുന്നോ എന്ന സുപ്രധാന തെളിവ് ശേഖരിക്കാനാണ് എന്‍ഐഎ സെക്രട്ടറിയേറ്റില്‍ എത്തുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ എന്‍ഐഎയുടെ വരവിന് ഏറെ പ്രാധാന്യമുണ്ട്. അതിന്റെ ഫലം എന്താണെന്ന് പിന്നീടറിയാം.
https://www.facebook.com/Malayalivartha

























