കഥ പോകുന്ന പോക്ക്... സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി; അനില്‍ നമ്പ്യാരെ പറ്റി പറയുന്ന 3 പേജ് മാത്രം ചോര്‍ന്നതില്‍ വന്‍ ഗൂഢാലോചനയെന്ന് കണ്ടത്തില്‍; ശക്തമായ നടപടിയെടുക്കാനുറച്ച് കേന്ദ്രം

തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതു പോലെയാണ് അന്വേഷണ സംഘത്തിനുള്ളിലെ ചാര പ്രവര്‍ത്തനം. ഒരു കൂട്ടര്‍ക്ക് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിന് അന്വേഷണ സംഘത്തിലെ ചിലയാളുകള്‍ ശ്രമിച്ചപ്പോള്‍ അത് കയ്യോടെ പിടികൂടിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് പലപ്പോഴായി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ചോരാതെ ജനം ടിവിയിലെ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായ അനില്‍ നമ്പ്യാരെ പറ്റി പറയുന്ന 3 പേജാണ് ചോര്‍ത്തിയത്. അതില്‍ ബിജെപിയെ പറയുന്ന ഭാഗവുമുണ്ട്. ഇത് മാത്രം ചോര്‍ത്തിയതാണ് വിവാദമായത്. കംസ്റ്റംസിലെ സിപിഎം അനുകൂലികളായ ചിലരാണ് ഇത് പകര്‍ത്തിയതെന്ന് ബിജെപി ആരോപണമുന്നയിച്ചു.
ഇതോടെ ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവത്തിലിടപെട്ടു. അന്വേഷണം നടക്കവെ മൊഴി ചോര്‍ത്തിയത് ഗുരുതരമായ തെറ്റാണെന്ന് കണ്ടെത്തി. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അമിത്ഷാ നിര്‍ദേശം നല്‍കി. അതിന് പിന്നാലെയാണ് കസ്റ്റംസില്‍ ഉന്നതതല അന്വേഷണം നടന്നത്. ഇതിനെ തുടര്‍ന്ന് ഒരു കസ്റ്റംസ് ഓഫീസര്‍ക്കെതിരെ നടപടിയും എടുത്തിരുന്നു.
അതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വപ്നയുടെ മൊഴി ചോര്‍ത്തിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് കണ്ടെത്തല്‍. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നത് പ്രത്യേക ഉദ്യേശത്തോടെയാണെന്നാണ് വിലയിരുത്തല്‍. കസ്റ്റംസിലെ തന്നെ ഒരു സൂപ്രണ്ട് നിരീക്ഷണത്തിലാണ്.
മൊഴി ചോര്‍ത്തിയത് അന്വേഷണ സംഘത്തിന്റെ മനോബലം തകര്‍ക്കാനെന്നാണ് വിലയിരുത്തുന്നത്. ഉത്തരവാദികളെ ഉടന്‍ കണ്ടെത്താനും കേന്ദ്ര നിര്‍ദേശമുണ്ട്. മൊഴി ലഭിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവര്‍ത്തകരോടടക്കം കസ്റ്റംസ് തിരക്കി. മൊഴി ചോര്‍ത്തിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനില്‍ നമ്പ്യാരുമായി ഉറ്റ സൗഹൃദമുണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയ മൊഴി പുറത്തുവന്നിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് ഗള്‍ഫില്‍ പോകാനുള്ള തടസം നീക്കി നല്‍കിയത് താനാണെന്നും ബിജെപിക്ക് വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അനില്‍ നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചതായും സ്വപ്ന പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം വിമാനത്താവള സ്വര്‍ണക്കളളക്കടത്ത് കേസില്‍ ജനം ടിവി കോഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസും വ്യക്തമാക്കിയിരുന്നു. അനില്‍ നമ്പ്യാരെ അഞ്ച് മണിക്കൂര്‍ നേരമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.
സ്വപ്നാ സുരേഷിന്റെ ഫോണ്‍ രേഖകള്‍ പൂര്‍ണമായും കസ്റ്റംസും എന്‍ഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് സ്വര്‍ണക്കടത്ത് പിടിച്ച ദിവസം തന്നെ അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ സംസാരിച്ചതായി വിവരം കിട്ടിയത്. ജൂലൈ അഞ്ചിന് സ്വര്‍ണം കണ്ടെടുത്ത ദിവസം അനില്‍ സ്വപ്ന സുരേഷുമായി രണ്ടുതവണ ഫോണില്‍ സംസാരിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശം നല്‍കാന്‍ വേണ്ടിയാണ് അനില്‍ നമ്പ്യാര്‍ വിളിച്ചതെന്നാണ് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
സ്വര്‍ണം പിടിച്ചെടുത്തത് നയതന്ത്ര ബാഗിലല്ലെന്നും വ്യക്തിപരമായ ബാഗാണെന്നും കോണ്‍സുലേറ്റ് ജനറല്‍ കത്ത് നല്‍കിയാല്‍ മതിയെന്നായിരുന്നു അനില്‍ നമ്പ്യാരുടെ ഉപദേശം. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് കൊച്ചിയില്‍ വിളിച്ചുവരുത്തിയത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നാണ് അനില്‍ നമ്പ്യാര്‍ വിശദീകരിക്കുന്നത്.
അതിന് പിന്നാലെയാണ് സ്വപ്നയുടെ മൊഴി ചോര്‍ന്നത്. അന്വേഷണം ശക്തമായി പുരോഗമിക്കുമ്പോള്‍ നടന്ന ഈ മൊഴി ചോര്‍ത്തലിനാണ് അമിത്ഷാ പൂട്ടിട്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























