കളി കാര്യമായി... കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റ വിധി വന്നതോടെ പിജെ ജോസഫിന്റേയും കൂട്ടരുടേയും എംഎല്‍എ സ്ഥാനം തുലാസിലായി; രാജ്യസഭാ തെരഞ്ഞടുപ്പില്‍ ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘിച്ചതിന് വലിയ വില നല്‍കേണ്ടി വരും

കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റ വിധി വന്നതോടെ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, സി. എഫ് തോമസ് എന്നീ നിയമസഭാംഗങ്ങളുടെ ഭാവി തുലാസിലായി. രാജ്യസഭാ തെരഞ്ഞടുപ്പില്‍ ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘിച്ചതാണ് ജോസഫ് വിഭാഗം നേതാക്കളുടെ നിയമസഭാംഗത്വം അസാധുവാകാന്‍ പോകുന്നതിനുള്ള കാരണം.
ജോസ് കെ. മാണിയെ യു ഡി എഫില്‍ നിന്നും പുറത്താക്കുകയും ജോസഫിനെ അംഗീകരിക്കുകയും ചെയ്ത യുഡി എഫിനും കോണ്‍ഗ്രസിനും കമ്മീഷന്റെ വിധി നിര്‍ണായകമായി തീരും. 2021 ല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഉടുപ്പും തയ്ച്ചിരിക്കുന്ന യു ഡി എഫ് പോലാരു മുന്നണി ഒരിക്കലും ജോസ് കെ. മാണിയെ പുറത്താക്കിയ തരത്തില്‍ മണ്ടത്തരം കാണിക്കാന്‍ പാടില്ലായിരുന്നു.
ഇടതിനോട് അടുക്കുന്ന ജോസ് പക്ഷം തീരുമാനിക്കുന്നതായിരിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അംഗീകരിക്കുക. യു ഡി എഫിന് ഉണ്ടായിരുന്ന 45 സീറ്റില്‍ കേരള കോണ്‍ഗ്രസിലെ 5 പേര്‍ കൊഴിയുന്നതോടെ എണ്ണം 40 ആകും. ജോസഫിന് രക്ഷപ്പെടണമെങ്കില്‍ സ്പീക്കര്‍ സഹായിക്കണം.
കെ.എം മാണിയുടെ മകനും രാജ്യസഭാ അംഗവുമായ ജോസ് കെ. മാണിക്കെതിരെ മാണിയുടെ വിയോഗത്തിന് പിന്നാലെ പടപ്പുറപ്പാട് തുടങ്ങിയ പി.ജെ ജോസഫിന് കിട്ടിയ കാവ്യനീതിയാണ് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ വിധിയെന്നാണ് കേരളം വിലയിരുത്തുന്നത്.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നല്‍കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിജെ. ജോസഫിനെ സംബന്ധിച്ചടത്തോളം കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്. ജോസഫ് ജോസ് വിഭാഗങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്.
ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്. കമ്മീഷനില്‍ പരാതി പരിഗണിച്ച മൂന്നംഗ സമിതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേര്‍ക്കും ചിഹ്നം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാന്‍ കഴിയില്ല എന്നും ന്യൂനവിധിയില്‍ അശോക് ലവാസ ചൂണ്ടിക്കാട്ടി. എ. കെ. ആന്റണിക്കൊപ്പം ജോലി ചെയ്തിട്ടുള്ള ലവാസക്ക് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അത്തരത്തില്‍ ഒരു സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ കെ.എം. മാണിക്ക് സംഭവിച്ച കൈയബദ്ധമാണ് പി. ജെ. ജോസഫ്. പ്രാദേശിക രാഷ്ട്രീയ കക്ഷികളെ നയിക്കുന്ന നേതാക്കള്‍ക്കെല്ലാം ഒരു പാഠമായി തീരേണ്ടതാണ് കെ. എം മാണിക്ക് സംഭവിച്ച കൈയബദ്ധം.
ഇടതു മുന്നണിയില്‍ അംഗമായിരുന്ന പി ജെ ജോസഫിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കെ.എം മാണി മുന്‍കൈയെടുത്താണ് വലതു മുന്നണിയിലെത്തിച്ചത്. ചില ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. കേരള കോണ്‍ഗ്രസുകളുടെ ഏകീകരണവും കെ.എം മാണി ലക്ഷ്യമിട്ടു. ആര്‍. ബാലകൃഷ്ണ പിള്ളയാണ് ആദ്യം ഉടക്കിയത്. പി സി തോമസ് ഉള്‍പ്പെടെയുള്ളവര്‍ വഴങ്ങിയിട്ടും പിള്ള മാറി നിന്നു. പിന്നീട് അത്തരമൊരു നീക്കം പൂര്‍ണമായും ഇല്ലാതായി.
പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് ക്ഷയിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം യു ഡി എഫില്‍ ചേക്കേറിയത്. എന്നാല്‍ അധികം വൈകാതെ കെ.എം മാണിയുടെ അത്രയും സ്വാധീനം യു ഡി എഫ് നേതാക്കളുമായി പിജെ. സ്ഥാപിച്ചു. ബാര്‍ക്കേസ് വന്നപ്പോള്‍ കെ.എം മാണിയെ തള്ളിയത് ആദ്യം പി.ജെ. ജോസഫാണ്. കെഎം മാണിയാണ് തന്നെ വലതുമുന്നണിയില്‍ എത്തിച്ചതെന്ന് പോലും പി.ജെ ജോസഫ് മറന്നു. കോണ്‍ഗ്രസ് നേതാക്കളുടെ കാര്‍മ്മികത്വത്തില്‍ നടന്ന ബാര്‍ക്കേസിനെ തുടര്‍ന്ന് മാണി മന്ത്രിസഭ വിട്ടപ്പോള്‍ ഒപ്പം രാജിവയ്ക്കാന്‍ പോലും ജോസഫ് തയ്യാറായില്ല. അന്നേ ജോസഫും മാണിയും രണ്ട് വഴിക്കായി.
കെ.എം മാണി രോഗബാധിതനായ വിവരം അറിഞ്ഞ് ആദ്യം കരുനീക്കം തുടങ്ങിയതും പി.ജെ. ജോസഫാണ്. കോട്ടയം സീറ്റ് തനിക്ക് വേണമെന്നായിരുന്നു ആവശ്യം. കോട്ടയം സീറ്റ് തനിക്ക് കിട്ടില്ലെന്ന് ജോസഫിന്നന്നായി അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം അതില്‍ വാശി പിടിച്ചു. ഇത് കലഹത്തിനുള്ള തുടക്കമായിരുന്നു. കലഹമുണ്ടാക്കി പുറത്തു പോവുക എന്ന ലൈനാണ് പി.ജെ. അന്നും സ്വീകരിച്ചത്.
യുഡി എഫില്‍ തുടരാം എന്ന സൂചന കോണ്‍ഗ്രസ് നല്‍കിയതാണ് പി.ജെക്ക് കരുത്തു പകരുന്നത്. പാലായില്‍ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥി തോല്‍ക്കണമെന്നത് പി.ജെയുടെ ആവശ്യമായിരുന്നു. അങ്ങനെ തോറ്റാല്‍ മാത്രമേ തന്റെ ആവശ്യങ്ങള്‍ നടക്കുകയുള്ളു എന്നാണ് പി ജെ മനസിലാക്കിയത്. അത് നടന്നതോടെ പി.ജെ. യു ഡി എഫില്‍ ശക്തനായി.
ജോസഫിന് പിന്തുണ നല്‍കുന്നവരില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉണ്ട്. തന്റെ മന്ത്രിസഭയെ താങ്ങി നിര്‍ത്തിയത് ജോസഫാണെന്ന് ഉമ്മന്‍ ചാണ്ടി കരുതുന്നു. സി എഫ് തോമസിനെ ഒപ്പം നിര്‍ത്തിയതും ജോസഫിന്റെ തന്ത്രമായിരുന്നു. മാണിയുടെ വിശ്വസ്തനായിരുന്നു സി എഫ് തോമസ്.
പി.ജെ. ജോസഫിനെ കേരള കോണ്‍ഗ്രസിലെത്തിച്ചതാണ് ഇത്തരമൊരു തിരിച്ചടിക്ക് കാരണമായി തീര്‍ന്നത്. പി.സി. ജോര്‍ജും കേരള കോണ്‍ഗ്രസിലെത്തിയെങ്കിലും സ്വയം പുറത്തു പോയി. ജോസഫിന്റെ കേരള കോണ്‍ഗ്രസ് പ്രവേശം കെ എം മാണിയുടെ പാര്‍ട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല. പിന്നീട് ജോസ് കെ മാണിക്കെതിരെ ജോസഫ് നീങ്ങി. പക്ഷേ ആ കൈപ്പിഴ കാണാന്‍ കെ. എം. മാണി ജീവിച്ചിരിപ്പില്ല.
https://www.facebook.com/Malayalivartha

























