അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ല; സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ല, സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെഞ്ഞാറമ്മൂട്ടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ കൊലപാതകങ്ങളിലൂടെ കേരളത്തിലെ സിപിഎമ്മിനെ തകര്‍ക്കാം എന്ന് കോണ്‍ഗ്രസ് കരുതരുത്. ഈ പ്രദേശം ഒരുകാലത്ത് സിപിഎമ്മിന് ബാലികേറാ മലയായിരുന്നു. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് ധാരാളം ചെറുപ്പക്കാര്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതോടെയാണ് ഇവിടെ സിപിഎം വിജയിക്കാന്‍ ഇടയായത്.
അന്നു മുതല്‍ കോണ്‍ഗ്രസില്‍നിന്ന് മാറി ഇടതുപക്ഷത്തേയ്ക്കു വന്ന പ്രവര്‍ത്തകരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരുന്നത്. അതിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാന്‍ ആക്രമണം നടത്തിയത്. അതില്‍നിന്ന് ഫൈസല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി സഖാക്കളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ പ്ലാന്‍ചെയ്തു വരികയായിരുന്നു. അതിന്റെ തുടര്‍ച്ചയായ സംഭവങ്ങളായിരുന്നു തിരുവോണ ദിവസം ഇവിടെയുണ്ടായത്.
കൊലപാതകികള്‍ക്ക് ഒരിക്കലും കേരളം മാപ്പുകൊടുക്കില്ല. അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുകതന്നെ വേണം. സിപിഎം സമാധാനമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇരട്ടക്കൊലപാതകത്തിനു പകരം കൊലപാതകം നടത്തുക, അങ്ങനെ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുക എന്നതല്ല സിപിഎം ഉദ്ദേശിക്കുന്നത്. കൊലപാതകികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. ബാലറ്റ് പേപ്പറില്‍ക്കൂടിയായിരിക്കണം ഈ പ്രതികാരം നമ്മള്‍ പ്രകടിപ്പിക്കേണ്ടത്. ഈ അമര്‍ഷവും പ്രതിഷേധവും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇവരെ ദയനീയമായി പരാജയപ്പെടുത്തണം. അതിനുവേണ്ടി ക്ഷമാപൂര്‍വ്വം പ്രവര്‍ത്തിച്ചുകൊണ്ടുവേണം ഇവരോടുള്ള പ്രതികാരം നിറവേറ്റാന്‍. അതിനുവേണ്ടിയുള്ള പോരാട്ടമാണ് കേരളത്തില്‍ വരും നാളുകളില്‍ നടക്കാന്‍ പോകുന്നതെന്ന് കോടിയേരി പറഞ്ഞു.
ഈ രണ്ടു കുടുംബവും ഒരിക്കലും അനാഥമാകാന്‍ പോകുന്നില്ല. ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തിന്റെ സംരക്ഷണം സിപിഎം ഏറ്റെടുക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു സൗകര്യങ്ങളൊരുക്കും. ഈ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ പലയിടങ്ങളിലും അക്രമങ്ങള്‍ അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ആ പ്രകോപനങ്ങളില്‍ ആരും പെട്ടുപോകരുത്. അക്രമത്തിനു പകരം അക്രമം നടത്തുകയല്ല, ജനങ്ങളെ അണിനിരത്തി ഇവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അക്രമ സംഭവങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പങ്കാളികളാകരുതെന്നും കോടിയേരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























