ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയില്‍ വാടക കൊടുക്കാന്‍ കഴിഞ്ഞില്ല; വീട്ടുടമയുടെ സമ്മര്‍ദ്ദത്തില്‍ മനംനൊന്ത് അനീഷ് ജീവനൊടുക്കി

ലോകത്തെ വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാ വിപത്ത് ഇനിയും എത്ര കുടുംബങ്ങളെ അനാഥമാക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ പുറത്തുവരുന്നത് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയില്‍ ഓട്ടോറിക്ഷാ തൊഴിലാളി ജീവനൊടുക്കിയെന്നാണ്. തോപ്പുംപടിയില്‍ താമസിക്കുന്ന അനീഷാണ് (37) ആത്മഹത്യ ചെയ്തത്. വാടകയ്ക്കായുള്ള വീട്ടുടമയുടെ സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് ഭാര്യ സൗമ്യ തോപ്പുംപടി പൊലീസില്‍ പരാതി നല്‍കി. സൗമ്യയുടെ കണ്ണീരില്‍ നാട്ടുകാര്‍ക്കും നെഞ്ചുപൊട്ടുകയാണ്. സൗമ്യയും അനീഷിന്റെ അമ്മ രമണിയും ഒമ്ബതും രണ്ടും വയസുള്ള കുഞ്ഞുങ്ങളുമാണ് അനീഷിന്റെ മരണത്തോടെ അനാഥരായിരിക്കുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ മറ്റ് വരുമാനമാര്‍ഗമോ ഇല്ലാത്ത സൗമ്യക്ക് മുന്നില്‍ മക്കളുടെ ഭാവിയും വലിയൊരു ചോദ്യചിഹ്നമായി. നാല് മാസത്തെ കുടിശികയുടെ പേരിലുള്ള നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അനീഷ് തൂങ്ങിമരിച്ചതെന്ന് സൗമ്യ പറഞ്ഞു. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഓട്ടം ഇല്ലാതായതോടെ ഓട്ടോറിക്ഷ അനീഷ് ഉടമയെ തന്നെ തിരികെ ഏല്‍പിച്ചിരുന്നു. ഇതിന് ശേഷം കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. ഒടുവില്‍ സാമ്ബത്തിക ബാധ്യതകള്‍ താങ്ങാനാവാതെ അനീഷ് മരണത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























