സഹകരണ ബാങ്കില്‍ കാഷ്യറുടെ ചുമതല നല്‍കി കൗണ്ടറില്‍ ഇരുത്തിയ പ്യൂണ്‍ 60 ലക്ഷം തട്ടി!

അടൂര്‍ പഴകുളം കിഴക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ പ്യൂണ്‍ ആയ വ്യക്തിയെ കാഷ്യറുടെ ചുമതല നല്‍കി കൗണ്ടറില്‍ ഇരുത്തിയപ്പോള്‍ 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പരാതി നല്‍കിയ ബാങ്ക് അധികൃതര്‍ മൊഴി നല്‍കാന്‍ തയാറാകാത്തത് കാരണം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ യു. ബിജു അറിയിച്ചു. ബാങ്കിന്റെ പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും പരാതിക്കാര്‍ എത്തിയില്ലെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ക്രമക്കേട് നടന്നത് ബാങ്കിന്റെ ബോയ്സ് ഹൈസ്‌കൂള്‍ ജങ്ഷനിലെ ശാഖയിലാണ്. പ്യൂണ്‍ ആയ മുകേഷിന് കാഷ്യറുടെ ചുമതല നല്‍കി കൗണ്ടറില്‍ ഇരുത്തുകയായിരുന്നു. സ്വര്‍ണ പണയത്തിലൂടെയും അക്കൗണ്ട് മൈനസ് ചെയ്തും ഇയാള്‍ ലക്ഷങ്ങള്‍ തട്ടി.
മാനേജര്‍ ഷീല വിവരം മനസിലാക്കിയിട്ടും ബാങ്ക് അധികൃതരെയോ സഹകരണ സംഘം അസി. രജിസ്ട്രാറിനേയോ അറിയിക്കാത്തതിന്റെ പേരില്‍ അവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പണം തിരികെ അടയ്ക്കാമെന്ന മുകേഷിന്റെ ഉറപ്പിന്റെ പേരിലായിരുന്നു പരാതി നല്‍കാന്‍ ബാങ്ക് അധികൃതര്‍ മടിച്ചിരുന്നത്.
നിരന്തരം വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സഹകരണ സംഘം അസി. രജിസ്ട്രാര്‍ ബാങ്കില്‍ പരിശോധന നടത്തി തട്ടിപ്പ് സ്ഥിരീകരിച്ചു. മാനേജരില്‍ നിന്നും മൊഴിയും എടുത്തു. അതിന് പിന്നാലെ മാനേജര്‍ ഷീലയെ സസ്പെന്‍ഡ് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഒത്തുകളിയുടെ ഭാഗമായാണ്, പരാതി നല്‍കിയ ശേഷം മൊഴി കൊടുക്കാതെ പോലീസിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം ഉണ്ടാക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























